താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി 2018 സിനിമയുടെ നിർമാതാക്കൾ. മരണമടഞ്ഞ 22 കുടുംബങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം സഹായമായി നൽകുമെന്നാണ് സിനിമയുടെ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണ് താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് ബോട്ടപകടം ഉണ്ടായത്. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വച്ചുണ്ടായ അപകടത്തിൽ 22 ഓളം പേരാണ് മരിച്ചത്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബോട്ടില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റ 10 പേര്‍ ചികിത്സയിലാണ്, ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമായി തുടരുന്നു. ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 12 പേരും ഉൾപ്പെടുന്നു.
ബോട്ട് അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുവരെ അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. എട്ട് പേര്‍ ചികിത്സയിലും കഴിയുന്നുണ്ട്. രണ്ട് പേര്‍ ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
താനൂർ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ടൊവിനോ തോമസ് എന്നിവരും രംഗത്തെത്തിയിരുന്നു.
“അജ്ഞതയ്‌ക്കൊപ്പം തികഞ്ഞ അശ്രദ്ധയും സുരക്ഷയെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേരുമ്പോൾ.. നമുക്കൊരു താനൂർ ബോട്ട് അപകടം സംഭവിച്ചിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ട ഇരകളെ ഓർത്ത് വേദന തോന്നുന്നു, കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതമാണ് ഈ ബോട്ടപകടം കവർന്നതെന്നു കേട്ടപ്പോൾ ഏറെ സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിൽ കഴിയുകയാണ്. ഇത് തികച്ചും പരിഹാസ്യമാണ്. യാത്രക്കാരെ കൊണ്ടുപോവാനുള്ള ലൈസൻസ് പോലുമില്ലായിരുന്നു ആ ബോട്ടിന്. രക്ഷാപ്രവർത്തനത്തിൽ ഇന്നലെ രാത്രി മുതൽ അക്ഷീണം പ്രയത്നിച്ച എല്ലാവരോടും ആദരവും സ്നേഹവും. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഒന്നും മാറ്റമില്ലാതെ തുടരുന്നു. പോയവർക്ക് പോയി. ഇനി വല്ല മാറ്റവും റൂൾസും വരുമോ?,” എന്നാണ് ഇൻസ്റ്റഗ്രാമിൽ മംമ്ത കുറിച്ചത്.