2018 OTT: കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി വർഗീസ് സംവിധാനം ചെയ്ത 2018 നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. സമീപകാലത്തിറങ്ങിയ മറ്റൊരു മലയാളചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് മലയാളികൾ ചിത്രത്തിന് നൽകി കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ‘2018’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രണ്ടു ദിവസം കൊണ്ടുതന്നെ 5.07 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു.
ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
“വെള്ളപ്പൊക്കത്തെ വലിയ സ്‌ക്രീനിൽ അനുഭവിപ്പിക്കുക എന്ന, ഈ സിനിമക്ക് ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്ന പ്രാഥമിക ദൗത്യത്തെ, സിനിമ നല്ല രീതിയിൽ കാണികളിൽ എത്തിക്കുന്നു. തീയറ്റർ കാഴ്ചക്ക് തരാൻ കഴിയുന്ന അനുഭവതലങ്ങൾ പ്രേക്ഷകർക്ക് പലയിടങ്ങളിലും അനുഭവിക്കാനാവും. മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി, വൈകാരികമായി സ്‌ക്രീനിൽ കാണിച്ച സിനിമ എന്ന നിലയിലും ‘2018’ വേറിട്ടു നിൽക്കുന്നു. സിനിമാറ്റിക്ക് ആയ വെല്ലുവിളികൾക്ക് അപ്പുറം ഈ രണ്ട് രീതിയിലും ആഘോഷിക്കപ്പെടേണ്ട സിനിമ കൂടിയാണ് ‘2018’ എന്നാണ് ഐ ഇ മലയാളം റിവ്യൂവിൽ അപർണ പ്രശാന്തി കുറിക്കുന്നത്.
2018ന്റെ ഒടിടി അവകാശം സ്വന്തമാക്കിയതാര്?
‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.