കേരളത്തിലെ തിയേറ്ററുകൾക്ക് ആവേശം നൽകി കൊണ്ട് ബോക്സ് ഓഫീസ് വിജയഗാഥ തുടരുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബ്ബിൽ ഇടം നേടി പുലിമുരുകന്റെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ, മറ്റൊരു നാഴികക്കല്ലു കൂടി ചിത്രം മറികടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെറും 22 ദിവസങ്ങൾക്കുള്ളിൽ 150 കോടി കളക്റ്റ് ചെയ്തിരിക്കുന്നു 2018 എന്നാണ് പുതിയ വിശേഷം. മോളിവുഡിൽ നിന്നുള്ള 150 കോടി ലോകമെമ്പാടുമുള്ള ആദ്യ ഗ്രോസറായി. നിലവിലുള്ള പല റെക്കോർഡുകളും തകർത്താണ് ചിത്രത്തിന്റെ കുതിപ്പ്.
ചിത്രം റിലീസ് ചെയ്ത് 22 ദിവസങ്ങൾ പിന്നിടുമ്പോഴും എറണാകുളം ജില്ലയിൽ മാത്രം പ്രതിദിനം 130 ഓളം ഷോകൾ ചിത്രത്തിനുണ്ട് എന്നത് തന്നെ കൗതുകമുണർത്തുന്ന കാര്യമാണ്. എറണാകുളം നഗരമധ്യത്തിൽ എംജി റോഡിന്റെ ഇരുവശവുമായി ഒരു കിലോ മീറ്റർ ചുറ്റളവിൽ കിടക്കുന്ന മൂന്നു തിയേറ്റർ സമുച്ചയങ്ങളാണ് കവിത, ഷേണായീസ്, സിനിപോളീസ് എന്നിവയിലെ ഷോകളുടെ എണ്ണം തന്നെ നോക്കാം. സിനി പോളീസിൽ 10, ഷേണായീസിൽ 11, കവിതയിൽ 5 എന്നിങ്ങനെ പോവുന്നു ഷോകളുടെ എണ്ണം. കൂടാതെ ഇടപ്പള്ളിയിൽ ഒബ്റോൺ മാൾ, ലുലു മാൾ എന്നിവിടങ്ങളിലെ പിവിആർ തിയേറ്ററുകളിൽ മാത്രം 9 ഷോകളും 2018നുണ്ട്. ലുലുവിന് അടുത്തു കിടക്കുന്ന വനിത- വിനീത തിയേറ്ററിലും 6 ഷോകൾ ഇന്നും ചിത്രത്തിനുണ്ട്.
ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യൂ,സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കു നന്ദി അറിയിച്ച് ടൊവിനോ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.
“വെള്ളപ്പൊക്കത്തെ വലിയ സ്‌ക്രീനിൽ അനുഭവിപ്പിക്കുക എന്ന, ഈ സിനിമക്ക് ഉണ്ടായിരിക്കമെന്ന് വിശ്വസിക്കുന്ന പ്രാഥമിക ദൗത്യത്തെ, സിനിമ നല്ല രീതിയിൽ കാണികളിൽ എത്തിക്കുന്നു. തീയറ്റർ കാഴ്ചക്ക് തരാൻ കഴിയുന്ന അനുഭവതലങ്ങൾ പ്രേക്ഷകർക്ക് പലയിടങ്ങളിലും അനുഭവിക്കാനാവും. മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി, വൈകാരികമായി സ്‌ക്രീനിൽ കാണിച്ച സിനിമ എന്ന നിലയിലും ‘2018’ വേറിട്ടു നിൽക്കുന്നു. സിനിമാറ്റിക്ക് ആയ വെല്ലുവിളികൾക്ക് അപ്പുറം ഈ രണ്ട് രീതിയിലും ആഘോഷിക്കപ്പെടേണ്ട സിനിമ കൂടിയാണ് 2018. ഐ ഇ മലയാളം റിവ്യൂ.