വെള്ളിയാഴ്ച്ചയാണ് ‘2018’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം 1.85 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനവും നേട്ടം കൊയ്യുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം 2018 ശനിയാഴ്ച്ച മാത്രമായി നേടിയത് 3.22 കോടിയാണ്. രണ്ടു ദിവസങ്ങളിലായുള്ള കളക്ഷനെടുത്താൽ 5.07 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കേരള, ബാംഗ്ലൂർ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. 2018 ൽ കേരളത്തിലുണ്ടായ വെള്ളപൊക്കത്തിനെ പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. 483 ആളുകൾ മരണപ്പെടുകയും ആയിരത്തോളം പേരുടെ വീട് നഷ്ടമാവുകയും ചെയ്തിരുന്നു.
ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യൂ,സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കു നന്ദി അറിയിച്ച് ടൊവിനോ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.
“വെള്ളപ്പൊക്കത്തെ വലിയ സ്‌ക്രീനിൽ അനുഭവിപ്പിക്കുക എന്ന, ഈ സിനിമക്ക് ഉണ്ടായിരിക്കമെന്ന് വിശ്വസിക്കുന്ന പ്രാഥമിക ദൗത്യത്തെ, സിനിമ നല്ല രീതിയിൽ കാണികളിൽ എത്തിക്കുന്നു. തീയറ്റർ കാഴ്ചക്ക് തരാൻ കഴിയുന്ന അനുഭവതലങ്ങൾ പ്രേക്ഷകർക്ക് പലയിടങ്ങളിലും അനുഭവിക്കാനാവും. മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി, വൈകാരികമായി സ്‌ക്രീനിൽ കാണിച്ച സിനിമ എന്ന നിലയിലും ‘2018’ വേറിട്ടു നിൽക്കുന്നു. സിനിമാറ്റിക്ക് ആയ വെല്ലുവിളികൾക്ക് അപ്പുറം ഈ രണ്ട് രീതിയിലും ആഘോഷിക്കപ്പെടേണ്ട സിനിമ കൂടിയാണ് ‘2018’” ഐ ഇ മലയാളം റിവ്യൂ.