ടൈറ്റാനിക് പുറത്തിറങ്ങി 20 വർഷമാകുന്പോഴും ജാക്കും റോസും പ്രണയിതാക്കളുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്നു. ജാക്കിന്റെയും റോസിന്റെയും പ്രണയകഥ പറഞ്ഞ ജയിംസ് കാമറൂണിന്റെ ടൈറ്റാനിക് ചിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ക്ലൈമാക്സ് രംഗം ഇപ്പോഴും പലർക്കും ഉൾക്കൊളളാനായിട്ടില്ല. റോസിന്റെ ജീവൻ രക്ഷിക്കാനായി സ്വയം മരണത്തിലേക്ക് ഇറങ്ങിച്ചെന്ന ജാക്കിനെ ഓർത്ത് കണ്ണുനീർ തുളുമ്പിയ എത്രയോ കമിതാക്കൾ. ജാക്കിനെ എന്തിനാണ് കൊന്നതെന്ന് ചിത്രം കണ്ട ഓരോരുത്തരും മനസ്സിൽ ജെയിംസ് കാമറോണിനോട് ചോദിച്ചിട്ടുണ്ടാകും.

വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന ഒരു പലക കഷ്ണത്തിൽ കയറി കിടക്കുകയാണ് റോസ് (കേറ്റ് വിൻസ്‌ലെറ്റ്). വാതിലില്‍ പിടിച്ച് തോളറ്റം വരെ വെളളത്തിൽ ജാക് (ലിയനാർഡോ ഡി കാപ്രിയോ) നിൽക്കുന്നു. ഒടുവിൽ തണുത്ത് വിറച്ച് ജാക് മരിക്കുന്നു. ഇതാണ് ഇന്നും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ആ രംഗം. പലകയിൽ റോസിനൊപ്പം ജാക്കിനും കിടക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കഥ മറ്റൊന്നായേനെ. അങ്ങനെ സംവിധായകൻ എന്തു കൊണ്ട് ചെയ്തില്ലെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

20 വർഷങ്ങൾക്കുശേഷം വാനിറ്റി ഫെയര്‍ മാഗസിനു വേണ്ടി അനുവദിച്ച അഭിമുഖത്തിലും ജെയിംസ് കാമറോണിനോട് ഇതേ ചോദ്യം ചോദിച്ചു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ 147-ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു കാമറോണിന്റെ മറുപടി. ”ജാക് ജീവിച്ചിരുന്നെങ്കില്‍ ഈ സിനിമയുടെ അവസാനം അര്‍ത്ഥശൂന്യമായേനെ. ഈ ചിത്രം മരണത്തേയും വേര്‍പിരിയലിനേയും കുറിച്ചുള്ളതാണ്, അതിന് ജാക് മരിച്ചേ മതിയാകൂ. അതൊരു കലാപരമായ തിരഞ്ഞെടുപ്പായിരുന്നു. 20 വർഷങ്ങൾക്കുശേഷം ജാക്കിന്റെ മരണത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ജാക്കിന്റെ മരണം പലരെയും വേദനിപ്പിക്കുന്നുണ്ട്. ജാക്കിന്റെ മരണം സിനിമയ്ക്ക് അനിവാര്യമായിരുന്നു. കാരണം സിനിമ ഒരു കലയാണ്”- ജെയിംസ് കാമറോൺ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ