‘പ്യാർ ദോസ്തി ഹെ’ എന്ന പഞ്ച് ഡയലോഗുമായി പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ ഒരു നേർത്ത അതിർവരമ്പു മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളാണ് ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ രാഹുല്‍, അഞ്ജലി, ടീന ജോഡികൾ. ത്രികോണ പ്രണയത്തിന്റെ വേദനയും വിങ്ങലുമെല്ലാം ഏറ്റവും മനോഹരമായി ചിത്രീകരിച്ചൊരു ചിത്രം കൂടിയായിരുന്നു കരൺ ജോഹറിന്റെ ആദ്യ സംവിധാന സംരംഭമായ ‘കുച്ച് കുച്ച് ഹോത്താ ഹേ’.

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘കുച്ച് കുച്ച് ഹോത്താ ഹേ’യ്ക്ക് ഇന്ന് 20 വയസ്സ് പൂർത്തിയാവുന്നു. ചിത്രത്തിന്റെ സംവിധായകനായ കരൺ ജോഹർ തന്നെയാണ് ഈ വിശേഷം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 1998 ഒക്ടോബർ 16 നാണ് ചിത്രം റിലീസായത്.

ബോളിവുഡിന് ഏറ്റവും മികച്ച ഓൺ സ്ക്രീൻ പ്രണയജോഡികളായ ഷാരൂഖ് ഖാനെയും കാജോളിനെയും നൽകിയതിനൊപ്പം തന്നെ റാണിമുഖർജി എന്ന നടിയുടെ കരിയറിലും ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘കുച്ച് കുച്ച് ഹോത്താ ഹേ’. സൽമാൻ ഖാൻ, ഫരീദ ജലാൽ,​​ അനുപംഖേർ, റീമ ലഗൂ എന്നിവരെല്ലാം ചിത്രത്തിൽ മികവേറിയ പ്രകടനമാണ് കാഴ്ച വച്ചത്. ഷാരൂഖിന്റെ മകളായെത്തിയ സന സെയ്ദും ചിത്രത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. രണ്ട് നാഷണൽ ഫിലിം അവാർഡും 8 ഫിലിം ഫെയർ അവാർഡുമടക്കം 35-ലേറെ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

അന്നത്തെ പ്രണയസങ്കൽപ്പങ്ങളിൽ നിന്നും യുവത്വം ഒരുപാട് അകലം യാത്ര ചെയ്ത് എത്തിയിരിക്കുന്ന ഇക്കാലത്തും ചിത്രത്തിലെ പാട്ടുകൾ എവർഗ്രീനായി തന്നെ നിലനിൽക്കുന്നു. കുച്ച് കുച്ച് ഹോത്താ ഹേ, കോയി മിൽഗയാ, സാജൻജി ഗർ ആയേ, യേ ലഡ്കാ ഹെ ദീവാനാ, തുജെ യാത് നെ മേരീ ആയ്, ലഡ്കി ബഡീ അൻജാനീ ഹെ, രഘുപതി രാഘവ് എന്നു തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

20 years of Kuch Kuch Hota Hai: Here are some throwback photos of the Karan Johar film

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook