ഏറെ പ്രതീക്ഷകളോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് ശങ്കര്‍ കൂട്ടുകെട്ടിലെ 2.0. രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയുമായാണ് ‘യന്തിരന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2.0 ഒരുങ്ങുന്നത്. ഇന്നലെ ചെന്നൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ച് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രജനീകാന്ത്, ശങ്കര്‍, എ.ആര്‍.റഹ്മാന്‍, എമി ജാക്സണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.
ട്രെയിലര്‍ ലോഞ്ചില്‍ ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പങ്കുവച്ചത്. ചിത്രം സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
“എന്റെ വാക്കുകള്‍ എഴുതിവച്ചോളൂ. 2.0 സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റായിരിക്കും. 600 കോടി രൂപയ്ക്കടുത്ത് ഇതിനായി മുതല്‍ മുടക്കിയിട്ടുണ്ട്. സുബാസ്‌കരന്‍ ഇത്രയും പണം ഇതില്‍ നിക്ഷേപിച്ചത് എന്നെയോ അക്ഷയെയോ കണ്ടിട്ടല്ല. മറിച്ച് ശങ്കറിനോടുള്ള വിശ്വാസം കൊണ്ടാണ്”, അദ്ദേഹം പറഞ്ഞു.
ശങ്കറിനെ ഇന്ത്യയുടെ ജെയിംസ് ക്യാമറോണ്‍ എന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ മേഖലയില്‍ അദ്ദേഹം തന്റ കഴിവ് തെളിയിക്കുന്നുണ്ടെന്നും ശങ്കര്‍ ഒരു മാന്ത്രികനാണെന്നും രജനീകാന്ത് പറഞ്ഞു.
Read More: ചിട്ടി റീലോഡഡ്; ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി രജനീകാന്തിന്റെ ‘2.0’
ചിത്രത്തില്‍ വില്ലനായെത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനേയും ഈ ചിത്രത്തിനായി അദ്ദേഹം നടത്തിയ കഠിനാധ്വാനത്തേയും പ്രശംസിക്കാന്‍ രജനി മറന്നില്ല. കൂടാതെ ഈ ചിത്രത്തിന് രാജ്യാന്തര തലത്തിലുള്ള ഒരു സന്ദേശം ഉണ്ടെന്നും ശങ്കര്‍ എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ശങ്കര്‍ ഒരു വജ്രമാണെന്നും രജനി പറഞ്ഞു.
നിത്യേന രാവിലെ നാലു മണിയ്ക്ക് എണീക്കുന്ന തന്റെ ജീവിതത്തിൽ, സൂര്യോദയം കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് ബോളിവുഡിന്റെ പ്രിയതാരം അക്ഷയ് കുമാർ രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ‘2.0’യുടെ ട്രെയിലർ ലോഞ്ചില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.
“ഞാൻ രാവിലെ നാലു മണിയ്ക്ക് എണീക്കും. നിത്യേന ജിമ്മിൽ പോവും. എന്റെ പിതാവ് പട്ടാളത്തിലായിരുന്നു. ഈ ദിനചര്യ ഒരിക്കലും എന്റെ വീട്ടുകാർ എന്നിൽ അടിച്ചേൽപ്പിച്ചതല്ല. അഭിമാനത്തോടെ തന്നെ പറയട്ടെ, സൂര്യോദയം കാണാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ ശരീരം എന്റെ ക്ഷേത്രമാണ്,” അക്ഷയ് കുമാർ പറയുന്നു. 51-ാം വയസ്സിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന അക്ഷയ് ഫിറ്റ്‌നെസ്സിൽ ഏറെ ശ്രദ്ധാലുവാണ്.
Read more: അക്ഷയ് എന്നെ വിഷമിപ്പിച്ചു, അങ്ങനെ ചെയ്യാൻ പാടില്ല: അമിതാഭ് ബച്ചൻ
“വെല്ലുവിളിയുയർത്തുന്ന നിരവധിയേറെ കാര്യങ്ങൾ പഠിക്കാൻ എനിക്കു സാധിച്ചു. ശങ്കർ ഒരു ശാസ്ത്രജ്ഞനാണ്, സംവിധായകനല്ല. മൂന്നു മണിക്കൂർ എടുത്താണ് ചിത്രത്തിന് വേണ്ടി എന്റെ മേക്കപ്പ് ചെയ്തത്, ഒരു മണിക്കൂർ വേണം മേക്കപ്പ് നീക്കം ചെയ്യാനും. എന്നെ കണ്ണാടിയിൽ കണ്ടപ്പോൾ എനിക്കു തന്നെ വിശ്വസിക്കാനായില്ല. സിനിമ സ്ക്രീനിൽ കാണാനായി ഞാൻ കാത്തിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ വെറുതെയാവില്ല. നന്ദി ശങ്കർ സാർ”. സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ അക്ഷയ് കുമാർ പങ്കുവെച്ചു.
ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ തമിഴിൽ സംസാരിക്കാനൊരു ശ്രമവും അക്ഷയ് കുമാർ നടത്തി. “തമിഴിലെഴുതിയ പ്രസംഗം എന്റെ കയ്യിലുണ്ട്. ഞാൻ തമിഴിൽ സംസാരിക്കാൻ ശ്രമിച്ചു നോക്കുകയാണ്. എന്റെ ഉച്ചാരണം ശരിയല്ലെങ്കിൽ ദയവായി ക്ഷമിക്കുമല്ലോ. കഴിഞ്ഞ മൂന്നു മണിക്കൂറായി ഞാൻ തമിഴിൽ പ്രസംഗം പറഞ്ഞു പ്രാക്റ്റീസ് ചെയ്യുകയായിരുന്നു,” അക്ഷയ് കുമാർ പറയുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ് നിർവ്വഹിച്ചിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക് ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രങ്ങള്‍. വരീന്ദര്‍ ചാവ്ല