സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 2.0 യുടെ ടീസര്‍ ചോര്‍ന്നത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി സിനിമാ വിതരണക്കാരന്‍ കരണ്‍ഷാന്‍ രംഗത്ത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്റെ തലവന്‍ കെ.സുബാസ്‌കരന്റെ പിറന്നാളാഘോഷത്തിനിടെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ആഘോഷത്തില്‍ പങ്കെടുത്ത വിഐപികള്‍ക്കു വേണ്ടി മാത്രമായിരുന്നു ടീസര്‍ പ്രദര്‍ശനം നടത്തിയത്. അവിടെ നിന്നു തന്നെയാണ് ടീസര്‍ ചോര്‍ന്നിരിക്കുന്നതെന്ന് തന്റെ ട്വിറ്റര്‍ പേജിലൂടെ കരണ്‍ഷാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സിനിമകളുടെ യൂറോപ്പിലെ വിതരണക്കാരനാണ് കരണ്‍ഷാന്‍.

ഒരാഴ്ചയ്ക്കുള്ളില്‍ രജനിയുടെ രണ്ടു ചിത്രങ്ങളുടെ ടീസറാണ് ലീക്കായിരിക്കുന്നത്. നേരത്തേ പാ രഞ്ജിത് ഒരുക്കിയ ചിത്രം കാലയുടെ ടീസറും ചോര്‍ന്നിരുന്നു. അതിനു പുറകെയാണ് 2.0യുടെ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചോര്‍ന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. എമി ജാക്സണും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് 2.0 വിന്റെ ആക്ഷന്‍ ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ