എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 വിനുശേഷം ഏവരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ 2.0. ശങ്കറിന്റെ സൂപ്പർ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണിത്. ചിട്ടി എന്ന റോബോട്ടായും ഡോ.വസീകരനായുമാണ് രജനി ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ആമി ജാക്സനാണ് നായിക.

നേരത്തെ ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുൻപേ ഓൺലൈനിലൂടെ ചോർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ചില സീനുകളുടെ ദൃശ്യങ്ങളും ചോർന്നിരിക്കുന്നു. ആക്ഷൻ രംഗങ്ങളുടെ ദൃശ്യങ്ങളിതെന്നാണ് വിവരം. രജനീകാന്തും ആമി ജാക്സനുമാണ് ചിത്രത്തിലുളളത്. റോബോട്ട് വേഷമണിഞ്ഞ ആമി ട്രക്ക് ഓടിക്കുന്നതും രജീകാന്തിന്റെ കഥാപാത്രം ചിട്ടി ട്രക്ക് തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. 2.0 വിലെ രംഗങ്ങൾ എന്നു പറഞ്ഞാണ് ഇവ ഓൺലൈനിലൂടെ പ്രചരിക്കുന്നത്.

ദൃശ്യങ്ങൾ കണ്ടവരുടെയെല്ലാം മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ട്?. ഒരു റോബോട്ട് ആയിട്ടാണോ ആമി ചിത്രത്തിലെത്തുന്നത്. 2.0 വിലെ ആമിയുടെ കഥാപാത്രത്തെക്കുറിച്ചുളള ഒരു വിവരവും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വളരെ രഹസ്യമായിട്ടാണ് ഈ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ റോബോട്ട് വേഷത്തിലാണോ എത്തുന്നതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ആമി പറഞ്ഞത്. കഥാപാത്രത്തെക്കുറിച്ച് താൻ കൂടുതലൊന്നും പറയില്ലെന്നും എന്നാൽ ഇതുവരെ തന്റെ കരിയറിൽ ചെയ്യാത്ത കഥാപാത്രമാണിതെന്നും ആമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

ഈ ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രൊഡക്ഷൻ ജോലികൾ തീരാത്തതിനാൽ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടി. 15 ഭാഷകളിൽ ചിത്രം പുറത്തിറക്കാനാണ് നീക്കമെന്നും അതിന്റെ ഡബ്ബിങ് തീരാത്തതാണ് റിലീസ് വൈകുന്നതെന്നുമാണ് വിവരം. 2010 ൽ പുറത്തിറങ്ങിയ യന്തിരനെക്കാളും മികച്ച വിഷ്വൽ ഇഫക്ട്സ് ആണ് 2.0 യിൽ ഉളളതെന്നും സൂചനയുണ്ട്. ഇന്ത്യയിൽ മാത്രം 7,000 സ്ക്രീനുകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ