ഒക്ടോബറില്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന രജനികാന്ത് ചിത്രം 2.0യുടെ ഓഡിയോ ലോഞ്ചിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്‌സണ്‍, എ.ആര്‍.റഹ്മാന്‍, ശങ്കര്‍, കരണ്‍ ജോഹര്‍, റാണ ദഗ്ഗുബാട്ടി, ധനുഷ് എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

വളരെ ലളിതമായിരുന്നു പക്ഷെ സ്റ്റൈല്‍മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ എന്‍ട്രി. ‘വണക്കം, നമസ്‌കാരം, നമസ്‌തേ, അസലാമു അലൈക്കും’ എന്നു പറഞ്ഞാണ് അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തത്. താന്‍ ഇത് ആദ്യമായിട്ടാണ് ദുബായില്‍ കാല് കുത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നിരവധി തവണ ദുബായ്ക്ക് മുകളിലൂടെ പറന്നിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന് പുറത്തേക്ക് ഇത് ആദ്യമായാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്ന ദുബായി ഭരണാധികാരിയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ജീവിതത്തില്‍ ഉടനീളം മുസ്ലിംങ്ങളുമായി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്തത്രയും ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ’70കളില്‍ ഞാനൊരു ബസ് കണ്ടക്ടറായിരുന്ന കാലം ട്രാന്‍സ്പോര്‍ട്ടിലെ മിക്ക സുഹൃത്തുക്കളും മുസ്ലിംങ്ങളായിരുന്നു. ചെന്നൈയില്‍ വന്നതിന് ശേഷം ഒരു മുസ്ലിം സുഹൃത്തിന്റെ വീട്ടിലായിരുന്നു ഞാന്‍ അതിഥിയായി കഴിഞ്ഞിരുന്നത്. ഞാന്‍ ഒരു അഭിനേതാവ് ആയി മാറിയതിന് ശേഷം പോയസ് ഗാര്‍ഡനില്‍ സ്വന്തമായൊരു വീട് വാങ്ങി. അതും ഒരു മുസ്ലിം സുഹൃത്തിന്റെ ഉടമസ്ഥതയില്‍ ഉളളതായിരുന്നു’, സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.

‘നിരവധി ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ‘ബാഷ’ എന്ന പേര് കേട്ടാല്‍ ഇന്നും ജനങ്ങള്‍ ആവേശഭരിതരാകുന്നു’, ചിത്രത്തില്‍ ഒരു മുസ്ലിം സുഹൃത്തിന്റെ പേരാണ് ഗ്യാംങ്സ്റ്റര്‍ ആയതിന് ശേഷം കഥാപാത്രം കടം കൊണ്ടത്.

തീര്‍ത്തും സ്‌റ്റൈലിഷ് ആയാണ് അക്ഷയ് കുമാര്‍ സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. ആമി ജാക്‌സണാകട്ടെ ഒരു റോബോട്ടിനെ പോലെ എത്തി.

#ArRahman #2Point0AudioLaunch

A post shared by Lokesh (@lokesh_lo) on

വിവരണാതീതമായിരുന്നു എ.ആര്‍.റഹ്മാന്റെ മാന്ത്രിക സംഗീതം. നൂറോളം പാട്ടുകാര്‍ക്കൊപ്പമായിരുന്നു മദ്രാസ് മൊസാര്‍ട്ടിന്റെ മാജിക്.

ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് ശങ്കറിന്റെ 2.0. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആദ്യമായി ഒരു തെന്നിന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ