രജനീകാന്ത് ചിത്രം ‘2.0’ ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചകളാൽ ചൂടുപിടിക്കുകയാണ് തമിഴ് സിനിമാ ഇൻഡസ്ട്രി. ‘സർക്കാർ’ എന്ന ചിത്രത്തിനു പിന്നാലെ ഏതാണ്ട് 450 കോടി രൂപയോളം മുതൽമുടക്കിൽ സംവിധായകൻ ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡചിത്രം ‘2.0’വും റിലീസിംഗ് ദിവസം തന്നെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് നിർമ്മാതാക്കൾക്കിടയിലും ഇൻഡസ്ട്രിയിലും ഏറെ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. മുൻകരുതലുകൾ എടുത്തിട്ടും സിനിമയെ പ്രോക്സി സൈറ്റുകളിൽ നിന്നും രക്ഷിക്കാനായില്ല എന്ന വിഷമയിലാണ് നിർമ്മാതാക്കൾ.

നിർമ്മാതാക്കളുടെ പരാതിയെ തുടർന്ന്, മദ്രാസ് ഹൈക്കോടതി ഇടപ്പെട്ട് പൈറസി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടും തമിഴ് റോക്കേഴ്സിനെ തളയ്ക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ തമിഴകത്തു നിന്നും വന്നു കൊണ്ടിരിക്കുന്നത്. 450 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പികൾ ഓൺലെനിൽ ഇറങ്ങിയാൽ സിനിമയ്ക്ക് സംഭവിക്കാൻ സാധ്യതയുള്ള നഷ്ടങ്ങളെ മുൻകൂട്ടി കണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയ്ക്കൊപ്പം തന്നെ, നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന 12,564 ഓളം വെബ്സൈറ്റുകളുടെ ലിസ്റ്റും നിർമ്മാതാക്കൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ചിത്രത്തിന്റെ തിയേറ്റർ അവകാശം, മ്യൂസിക് റൈറ്റ്സ്, ടിവി റൈറ്റ് തുടങ്ങയവയുമായി ബന്ധപ്പെട്ട കോപ്പി റൈറ്റ് നിയമത്തെയും പൈറസി ഓൺലൈനുകൾ ബാധിക്കുന്നു എന്നു ചൂണ്ടികാണിച്ചായിരുന്നു നിർമ്മാതാക്കളുടെ ഹർജി.

തുടർന്ന്, കഴിഞ്ഞ ബുധനാഴ്ചയാണ് ലൈക്ക പ്രൊഡക്ഷൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഇടപ്പെട്ട് പൈറസി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ 37 ഓളം ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് ഒാർഡർ നൽകിയത്. ജസ്റ്റിസ് എം സുന്ദർ ആണ് നിയമാനുസൃതമല്ലാത്ത പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിച്ചത്. തമിഴ് ചിത്രങ്ങളുടെ പൈറേറ്റഡ് കോപ്പികൾ സ്ട്രീം ചെയ്യുന്ന 12000 ഒാളം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ജസ്റ്റിസ് എം സുന്ദർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരോട് ആവശ്യപ്പെട്ടത്. ഇതിൽ തമിഴ് റോക്കേഴ്സിന്റേതെന്ന് സംശയിപ്പിക്കപ്പെടുന്ന 2000 ഒാളം വെബ്സൈറ്റുകളും ഉണ്ടായിരുന്നു. എന്നാൽ ആ കോടതി ഉത്തരവിനും തമിഴ് റോക്കേഴ്സിനെ തടയാൻ സാധിച്ചില്ല, സിനിമ തിയേറ്ററിൽ റിലീസ് ആയി ഏതാനും മണിക്കൂറുകൾക്ക് അകത്തു തന്നെ ചിത്രത്തിന്റെ പ്രിന്റ് തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയും നിരവധി പേർ ചിത്രം ഓൺലൈനിൽ കാണുകയും ചെയ്തു.

“ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചേർന്ന് നടത്തുന്ന ഒന്നല്ല തമിഴ്റോക്കേഴ്സ്. പലയിടങ്ങളിലായി ചിതറികിടക്കുന്ന ഒരു കൂട്ടം ആളുകൾ അതിനു പിന്നിലുണ്ട്. അവർക്ക് പരസ്പരം പരിചയമുണ്ടാവണം എന്നു പോലുമില്ല, വിദേശത്തു ഇരുന്നാണ് കൂടുതൽ സൈറ്റ് ഓപ്പറേഷനുകളും നടക്കുന്നത്. പലപ്പോഴും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ലീക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കണ്ടെത്തിയ ഒരു കാര്യം ഇവയെല്ലാം ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് റഷ്യ, ഉക്രൈൻ പോലുള്ള രാജ്യങ്ങളിലെ പ്രോക്സി സർവറുകളിൽ നിന്നാണ്,” തമിഴ് റോക്കേഴ്സ്, പ്രോക്സി സർവ്വറുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ സീനിയർ സൈബർ ക്രൈം ഓഫീസർ പറയുന്നു.

“വിജ്ഞാന വ്യവസായത്തിനെതിരായ ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരുകൂട്ടം ഓൺലൈൻ ആക്റ്റിവിസ്റ്റുകളും ഇത്തരം സൈറ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് സൈറ്റുകൾ ഞങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടുമ്പോഴും പുതിയവ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന മിക്ക പ്രൊഫഷണലുകളും വിദഗ്ദ്ധരുമെല്ലാം പകർപ്പവകാശമെന്ന ആശയത്തെ എതിർക്കുന്നവരും സൗജന്യ ഓൺലൈൻ വിജ്ഞാനത്തിന് വേണ്ടി പൊരുതുന്നവരുമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

” ലീക്ക് ആയ പ്രിന്റുകൾ പരിശോധിച്ചപ്പോൾ അവയിൽ പലതും മലേഷ്യ, യൂറോപ്പ് പോലുള്ള വിദേശ തിയേറ്ററുകളിൽ നിന്നും പകർത്തപ്പെട്ടവയാണെന്ന് കണ്ടെത്തിയിരുന്നു. തിയേറ്ററുകളിൽ നിന്നും മൊബൈലിൽ ഷൂട്ട് ചെയ്തെടുത്തവയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ സമയത്ത് ലാപ്ടോപ്പിൽ നിന്നും പകർത്തിയെടുത്ത കോപ്പികളുമൊക്കെ അതിൽപ്പെടും, ” ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ സെക്യൂരിറ്റി അസോസിയേഷന്റെ ചെയർമാനും സൈബർ ലോ വിദഗ്ധനുമായ വി രാജേന്ദ്രൻ ഇന്ത്യൻ എക്‌സ്പ്രസ്സിനോട് പറഞ്ഞു. പ്രോക്സി സൈറ്റുകൾക്കെതിരരെയുള്ള പോരാട്ടം ഇന്ത്യ പോലുള്ള ഒരു രാാജ്യത്തെ സംബന്ധിച്ച് ദുഷ്കരമായ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more: 2.0 Movie in Tamilrockers: തമിഴ് റോക്കേഴ്സിന്റെ ലിങ്കുകൾ റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് നിർമ്മാതാക്കൾ

“ചൈന പോലുള്ള രാജ്യങ്ങളിൽ പ്രോക്സി സൈറ്റുകൾക്കെതിരെയുള്ള പോരാട്ടം താരതമ്യേന എലുപ്പമാണ്. ഇന്ത്യയിൽ കോടതിയിൽ നിന്നു വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓർഡർ കിട്ടിയാൽ പോലും ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് പല ഏജൻസികളെ സമീപിക്കണം. 2008 ലെ ഇൻഫർമേഷൻ ടെക്നോളജി അമെന്റ്മെന്റ് ആക്റ്റിന്റെ സെക്ഷൻ 69 (b), 70 എന്നിവ പ്രകാരം ഒരു വൈബ്സൈറ്റ് ബ്ലോക്ക് ചെയ്യാനോ അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനോ ഒക്കെ പലപ്പോഴും ദിവസങ്ങൾ എടുക്കും. അതേസമയം, മിനിറ്റുകൾ മതി ഒരു പ്രോക്സി യു ആർ എൽ തുടങ്ങാനും കണ്ടന്റ് ആയിരങ്ങളിലേക്ക് എത്തിക്കാനും,” രാജേന്ദ്രൻ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook