2.0 Movie in Tamilrockers: തമിഴ് സിനിമാ വ്യവസായത്തിന് കരിനിഴൽ വീഴ്ത്തുന്ന പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സിനെതിരെയുള്ള പോരാട്ടത്തിൽ ആരാധകരുടെ സഹായം അഭ്യർത്ഥിക്കുകയാണ് നിർമ്മാണകമ്പനിയായ ലൈക്ക പ്രൊഡക്ഷൻ. രജനീകാന്ത്- ശങ്കർ- അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡചിത്രം ‘2.0’ ഇന്നലെ റിലീസിനെത്തി ഏതാനും മണിക്കൂറുകൾക്കകത്തു തന്നെ പൈറേറ്റഡ് വെബ്‌സൈറ്റായ തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പൈറേറ്റഡ് ലിങ്ക് റിപ്പോർട്ട് ചെയ്ത്, തമിഴ് സിനിമയെ രക്ഷിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
‘2.0’ ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ് മുൻപ് വെല്ലുവിളിച്ചതിനെ തുടർന്ന് ചിത്രം ഒരു തരത്തിലും ലീക്കാവാതിരിക്കാനുള്ള കഴിയാവുന്നത്ര സുരക്ഷാക്രമീകരണങ്ങൾ നിർമ്മാതാക്കൾ സ്വീകരിച്ചിരുന്നെങ്കിലും, സിനിമ റിലീസ് ആയി മണിക്കൂറുകൾക്കകത്ത് തന്നെ ചിത്രത്തിന്റെ എച്ച്ഡി വെർഷൻ തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ‘2.0’ തമിഴ് റോക്കേഴ്സ് ചോർത്തിയതിനെ തുടർന്നാണ് ഫാൻസിന്റെ സഹായം തേടി ലൈക്ക പ്രൊഡക്ഷൻ രംഗത്തുവന്നിരിക്കുന്നത്.
“നിങ്ങൾ തിയേറ്ററിൽ കാണുന്ന ഈ വിഷ്വൽ ട്രീറ്റിനു പിറകിൽ നാലു വർഷത്തെ കഠിനാധ്വാനവും കോടിക്കണക്കിന് രൂപയുടെ ചെലവും 1000 ത്തിലേറെ ടെക്നീഷ്യന്മാരുടെ കഷ്ടപ്പാടുമുണ്ട്. ആ തിയേറ്റർ അനുഭവത്തെ നശിപ്പിക്കരുത്. പൈറസിയോട് നോ പറയൂ. നിങ്ങളുടെ കണ്ണിൽപ്പെടുന്ന എല്ലാ പൈറേറ്റഡ് ലിങ്കുകളും antipiracy@aiplex.com ലേക്ക് അയച്ചുകൊടുക്കൂ. തമിഴ് സിനിമയെ പ്രകാശിക്കാൻ അനുവദിക്കൂ,” ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
Hardwork of 4 yrs, crores of money, efforts of 1000s of technicians – all to give you a visual spectacle you can watch, love and enjoy in THEATRES!
Do not spoil the experience. SAY NO TO PIRACY! Send all pirated links to antipiracy@aiplex.com & help Tamil cinema shine!#2Point0— Lyca Productions (@LycaProductions) November 29, 2018
നിർമ്മാതാക്കളുടെ ട്വീറ്റിനു പുറമെ ആരാധകരും തമിഴ് റോക്കേഴ്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. “എന്റെ കണ്ണിൽപ്പെട്ട ലിങ്ക് ഞാൻ ആന്റി പൈറസി മെയിലിലേക്ക് അയച്ചുകൊടുത്തു. സിനിമ ഇപ്പോൾ ത്രിഡിയിൽ കണ്ടിറങ്ങിയതേയുള്ളൂ. ഇന്ത്യൻ സിനിമയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. സേ നോ റ്റു പൈറസി’, എന്നാണ് ആരാധകരിൽ ഒരാളുടെ ട്വീറ്റ്.
I found one link and send the link to that piracy email…
Just now watched movie in 3D ….
Pride of Indian cinema
SAY NO TO PIRACY— Bhanu Chander (@MrLuckygadu) November 29, 2018
#2Point0 pic.twitter.com/HU3rqf0HZg
— Arun Balaji ツ 2.0 (@ArunBalajiEditz) November 29, 2018
മുൻപ്, തമിഴ് റോക്കേഴ്സ് ചിത്രം ചോർത്തുമെന്ന് വെല്ലുവിളിച്ചതിനു പിന്നാലെ തന്നെ നിർമ്മാതാക്കാൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തമിഴ് സിനിമയുടെ പൈറേറ്റഡ് വേർഷൻ ഇന്റർനെറ്റിലെത്തിക്കുന്ന 12,000 ലേറെ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരോട് ആവശ്യപ്പെടണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഹർജി. ലൈക്ക പ്രൊഡക്ഷനു വേണ്ടി അഡ്വക്കേറ്റ് വിജയൻ സുബ്രഹ്മണ്യൻ തയ്യാറാക്കിയ ലിസ്റ്റിൽ 12,564 ഓളം നിയമാനുസൃതമല്ലാത്ത വെബ്സൈറ്റുകളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അതിൽ 2000 ത്തിലേറെ വെബ്സൈറ്റുകളും ഒാപ്പറേറ്റ് ചെയ്യുന്നത് തമിഴ് റോക്കേഴ്സ് ആണ്.
ഇന്ത്യയിലെ ഇതുവരെയുള്ളതിൽ ഏറ്റവും വിലപ്പിടിച്ച ചിത്രമാണ് ശങ്കർ സംവിധാനം ചെയ്ത ‘2.0’. 500 കോടിയിലേറെ രൂപയ്ക്കാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജനീകാന്ത് ശാസ്ത്രജ്ഞനായ വസീഗരനായും റോബോർട്ട് ചിട്ടിയായും ഡബ്ബിൾ റോളിലെത്തുന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് അക്ഷയ് കുമാർ എത്തുന്നത്. എമി ജാക്സൺ ആണ് നായിക.