ശങ്കര്‍ സംവിധാനം ചെയ്യുന്ന 2 പോയിന്റ് 0 എന്ന ചിത്രത്തില്‍ നിന്നും ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗറെ ഒഴിവാക്കിയത് എന്തിനെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍. അര്‍ണോള്‍ഡിനെ കണ്ട് സിനിമ ചര്‍ച്ച ചെയ്തെന്നും എന്നാല്‍ കരാര്‍ ഒപ്പിടാന്‍ ആയപ്പോള്‍ കാര്യങ്ങള്‍ ശരിയായില്ലെന്നും ശങ്കര്‍ പറഞ്ഞു. പ്രതിഫലം സംബന്ധിച്ച വിയോജിപ്പ് കാരണം തന്നെയാണ് ഇതെന്നാണ് അദ്ദേഹം സൂചന നല്‍കിയത്. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് ഹോളിവുഡ് താരം ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അക്ഷയ് കുമാറിനെ സമീപിച്ച് കഥ പറഞ്ഞപ്പോള്‍ അദ്ദേഹം ആവേശത്തോടെ ഇത് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

400 കോടി ചെലവില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഡോ. റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കൈകാര്യം ചെയ്യുക. എന്തിരന്റെ രണ്ടാം ഭാഗം ആയിരിക്കില്ല ചിത്രമെന്നും സംവിധായകന്‍ സൂചിപ്പിച്ചു. 3ഡി ഫോര്‍മാറ്റിലാണ് ചിത്രം ഒരുങ്ങുക.

അര്‍ണോള്‍ഡ് ഷ്വാര്‍സനഗറെ വില്ലനാക്കാനായിരുന്നു ഷങ്കര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അര്‍ണോള്‍ഡ് മുന്നോട്ടുവച്ച പല ഉപാധികളും അംഗീകരിക്കാന്‍ ഷങ്കറിനായില്ല. ഒടുവില്‍ ബോളിവുഡില്‍ നിന്ന് വില്ലനെ കൊണ്ടുവരാന്‍ ഷങ്കര്‍ തീരുമാനിക്കുകയായിരുന്നു. ബോളിവുഡില്‍ ഖാന്‍‌ത്രയം കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ്കുമാര്‍.

അക്ഷയ് കുമാറിനൊപ്പം നീല്‍ നിതിന്‍ മുകേഷും ഈ ചിത്രത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കത്തി’യിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നീല്‍ നിതിന്‍ മുകേഷ്. കത്തി നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രംനിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ തന്നെയാണ് ചിത്രത്തിന് സംഗീതം. എമി ജാക്സണ്‍ നായികയാകുന്ന സിനിമയുടെ ഛായാഗ്രഹണം നിരവ് ഷായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ