ബ്രഹ്മാണ്ഡ ചിത്രം 2.0 വിന്റെ ഓഡിയോ ലോഞ്ച് നാളെ ദുബായിൽ നടക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂർജ് ഖലീഫയിലാണ് പരിപാടികൾ നടക്കുക. ലോഞ്ചിങ്ങിനോടനുബന്ധിച്ച് വൻ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജനീകാന്തും അക്ഷയ് കുമാറും ദുബായിൽ എത്തിയിട്ടുണ്ട്.

പരിപാടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

* ദുബായിലെ ബൂർജ് ഖലീഫയിൽ വച്ച് ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നത്.

* ഓഡിയോ ലോഞ്ചിന്റെ ഭാഗമായി ബൂർജ് ഖലീഫ 2.0 വിലെ രജനീകാന്തിന്റെയും അക്ഷയ് കുമാറിന്റെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും

* എ.ആർ.റഹ്മാന്റെ ലൈവ് മ്യൂസിക്കൽ ഷോയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. 125 സിംഫണീസ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് മൊസാർട്ട് ഓഫ് മദ്രാസിന്റെ സംഗീത പ്രകടനം. ആമി ജാക്സന്റെ ലൈവ് പ്രകടനവും ഉണ്ടായേക്കും

* 12 കോടി രൂപയാണ് ഓഡിയോ ലോഞ്ചിന്റെ പരിപാടികൾക്കായി ലിങ്ക പ്രൊഡക്ഷൻസ് ചെലവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദുബായിലെ ഷോപ്പിങ് മാളുകളിൽ പരിപാടി ലൈവായി കാണിക്കുന്നതിനുളള ലെഡ് സ്ക്രീനുകൾ സ്ഥാപിക്കുന്നതിനായി 2 കോടിയാണ് നിർമാതാക്കൾ മുടക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഓഡിയോ ലോഞ്ച് ലൈവായി കാണിക്കുമെന്നാണ് സൂചന.

* കമൽഹാസൻ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തേക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടിയിൽ പങ്കെടുത്തേക്കും. പക്ഷേ ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

* രജനീകാന്തിനും അക്ഷയ് കുമാറിനും സംവിധായകൻ ശങ്കറിനും കൃതജ്ഞത അർപ്പിച്ച് ബോസ്കോ ഡാൻസ് ടീമിന്റെ പ്രകടനം നടക്കും.

* ബൂർജ് ഖലീഫയിൽവച്ച് രജനീകാന്ത്, അക്ഷയ് കുമാർ, ശങ്കർ എന്നിവരുടെ പത്രസമ്മേളനം ഉണ്ടായിരിക്കും. ഹെലികോപ്റ്ററിലായിരിക്കും താരങ്ങൾ ബൂർജ് ഖലീഫയിൽ എത്തുക.

ഓഡിയോ ലോഞ്ചിനു ശേഷം അടുത്ത മാസം ഹൈദരാബാദിൽവച്ച് ചിത്രത്തിന്റെ ടീസർ പുറത്തിറക്കും. ഡിസംബറിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുക. 400 കോടി മുതൽ മുടക്കിലാണ് ശങ്കറിന്റെ 2.0 ഒരുങ്ങുന്നത്. 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0.

ചിത്രത്തിൽ വില്ലന്റെ വേഷമാണ് അക്ഷയ് കുമാറിന്റേത്. അക്ഷയ്‌യുടെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രമാണ് 2.0. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിട്ടുളളത്. 2018 ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ