ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഭീഷണിയായി മാറികൊണ്ടിരിക്കുന്ന പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബിഗ് ബജറ്റ് ചിത്രം 2.0 വും ലീക്ക് ചെയ്യാൻ ഒരുങ്ങുന്നു. വിജയിന്റെ ‘സർക്കാറും’ അമീർഖാന്റെ ‘തങ്സ് ഓഫ് ഹിന്ദോസ്ഥാനും’ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു.
തമിഴ് റോക്കേഴ്സിന്റെ ട്വിറ്റർ ഹാൻഡിലാണ് 2.0 ന് ഭീഷണിയുയർത്തുന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “2.0 ഉടനെ തമിഴ് റോക്കേഴ്സിൽ വരുന്നു,” എന്ന പ്രഖ്യാപനമാണ് ട്വിറ്ററിലൂടെ തമിഴ് റോക്കേഴ്സ് നടത്തിയിരിക്കുന്നത്. തുടർന്ന് ആ ട്വിറ്റർ ഹാൻഡിൽ സസ്‌പെൻഡ് ചെയ്തെങ്കിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ പുതിയ ട്വിറ്റർ ഹാൻഡിലുമായി തമിഴ് റോക്കേഴ്സ് വീണ്ടും രംഗത്തെത്തുകയായിരുന്നു.
വിജയ് നായകനാകുന്ന തമിഴ് ചിത്രം സർക്കാരിന്റെ റിലീസിന് മുന്നോടിയായും തമിഴ് റോക്കേഴ്സ് ഇതുപോലെ ഭീഷണിയുയർത്തിയിരുന്നു. ഒരു പൈറസി വൈബ്സൈറ്റ് ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ തമിഴ് ഫിലിം പ്രോഡ്യൂസേഴ്സ് കൗൺസിലിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് വേണ്ട മുന്നൊരുക്കങ്ങൾ എടുക്കാൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ സിനിമയുടെ വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ആ ശ്രമങ്ങളെല്ലാം അസ്ഥാനത്താകുകയാണ് ഉണ്ടായത്. ചിത്രം റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രം റോക്കേഴ്സിന്റെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. സിനിമാ വ്യവസായത്തിന് കരിനിഴൽ വീഴ്ത്തുന്ന ഈ പൈറസി വെബ്സൈറ്റിനെതിരെ കർശന നടപടികൾ കൈകൊള്ളണമെന്ന നിലപാടുമായി നിർമ്മാതാക്കളും ആരാധകരുമെല്ലാം രംഗത്തുണ്ടെങ്കിലും ഇതുവരെ കർശനമായ നടപടികൾ ഒന്നും സ്വീകരിക്കപ്പെട്ടിട്ടില്ല.
2010 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘എന്തിരന്റെ’ രണ്ടാം ഭാഗമാണ് ശങ്കർ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം ‘2.0’. പല കാരണങ്ങൾ കൊണ്ട് 8 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള 3000 ത്തോളം സാങ്കേതിക വിദഗ്ധരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചിത്രം ഒരുങ്ങുന്നത്. രജനീകാന്ത്, അക്ഷയ് കുമാർ, എമി ജാക്സൺ എന്നിവർ ഒന്നിക്കുന്ന ചിത്രം എന്ന രീതിയിലും ഏറെ പ്രതീക്ഷയുയർത്തുന്ന 2.0 വഴി ദക്ഷിണേന്ത്യൻ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. നവംബർ 29 ന് ചിത്രം തിയേറ്ററുകളിലെത്തും.