പ്രേക്ഷകർ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 1971 ബിയോണ്ട് ബോർഡേഴ്‌സിലെ മോഹൻലാലിന്റെ പുതിയ ലുക്ക് പുറത്ത്. റിട്ടയേർഡ് പട്ടാളക്കാരനായുളള മോഹൻലാലിന്റെ ലുക്കാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പിലാണ് മോഹൻലാൽ ഈ മേജർ രവി ചിത്രത്തിലെത്തുന്നത്. രണ്ട് കഥാപാത്രങ്ങളായാണ് മോഹൻലാലിന്റെ വരവ്.

കേണൽ മഹാദേവനെന്ന നാം കണ്ട് ശീലിച്ചതാണ് ഒരു മോഹൻലാൽ കഥാപാത്രം. മഹാദേവന്റെ അച്ഛനായ മേജർ സഹദേവനായും അദ്ദേഹം ചിത്രത്തിലെത്തുന്നു. മേജർ സഹദേവന്റെ ചെറുപ്പക്കാലവും പ്രായമേറിയതുമായ രണ്ട് കാലഘട്ടവും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഇതിൽ പ്രായമേറിയ സഹദേവന്റെ ലുക്കാണ് ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനാണ് സഹദേവൻ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ പുതിയ വേഷപകർച്ച ആരാധകരുമായി പങ്ക് വെച്ചത്.

1971 beyond borders,mohanlal

ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മേജർ രവി തന്നെയാണ്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. അല്ലു അർജുന്റെ അനിയൻ അല്ലു സിരീഷാണ് ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നത്.

കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

ആശ ശരത്താണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. രൺജി പണിക്കർ, സുധീർ കരമന, മണിക്കുട്ടൻ, സൈജുു കുറുപ്പ്, കൃഷ്‌ണ കുമാർ, മനുരാജ്, ഷഫീക്ക്, മേഘനാഥൻ, കണ്ണൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റുളള താരങ്ങൾ. സുജിത്ത് വാസുദേവനാണ് 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഏപ്രിൽ ഏഴിനാണ് ചിത്രം തിയേറ്ററിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ