കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ടഹാര്‍, കര്‍മയോദ്ധ എന്നീ പരമ്പര ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി എടുത്ത അഞ്ചാമത്തെ ചിത്രമാണ് ‘1971 ബിയോണ്ട് ബോഡേഴ്‌സ്’.

മുൻ ചിത്രങ്ങള്‍ പോലെ മേജര്‍/കേണല്‍ മഹാദേവനെ നായകനാക്കി വീണ്ടുമൊരു മേജര്‍ രവി ചിത്രം എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു എങ്കില്‍ തെറ്റി. മഹാദേവന്‍ അല്ല, മഹാദേവന്‍റെ അച്ഛൻ സഹദേവന്‍ ആണ്. സിനിമ തുടങ്ങുന്നത് മഹാദേവനില്‍ തന്നെയാണ്. മേജറില്‍ നിന്നും സ്ഥാനകയറ്റം കിട്ടി കേണൽ ആയ മഹാദേവന്‍ ജോർജിയയിൽ  യു എന്നിന്നുവേണ്ടി സേവനമനുഷ്ടിക്കുന്ന പട്ടാളക്കാരന്‍ ആണ് ഇപ്പോള്‍. യു എന്നിന്‍റെ തന്നെ പട്ടാളത്തില്‍ സേവനമനുഷ്ടിക്കുന്ന പാക് പട്ടാളക്കാരെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചുകൊണ്ടാണ് കേണല്‍ മഹാദേവന്‍റെ എന്‍ട്രി. ലോകത്തില്‍ എവിടെയും പട്ടാളക്കാര്‍ക്ക് ഉണ്ടാവുന്നതിലും സാമാന്യത്തിലേറെ തടിയുള്ള കേണല്‍ വളരെ അനായാസയാണ് തന്‍റെ ശരീരത്തെ അവഗണിച്ചുകൊണ്ട് മല്ലന്മാരായ പാക് സൈന്യത്തിന്‍റെയും ശത്രുക്കളുടെയും മുന്നില്‍ അവതരിക്കുന്നത്. തുടക്കത്തില്‍ തന്നെ യൂണിഫോമില്‍ ഇന്ത്യ- പാക് പട്ടാളം എന്ന അടയാളപ്പെടുത്തലുകളിലേക്കു പ്രത്യേക ഷോട്ട് എടുത്തു വെക്കുന്നത് മുതല്‍ വരാന്‍ പോവുന്നതിനെ പ്രവചിക്കാന്‍ സാധിക്കും. അതിനു വലിയ സിനിമാ പരിജ്ഞാനം ഒന്നും വേണ്ട, മേജര്‍ രവിയുടെ രണ്ടു പടങ്ങള്‍ എങ്കിലും കണ്ടാല്‍ മതി.

ജോർജിയയിൽ വച്ച് സൗഹൃദം ആരംഭിക്കുന്ന ‘ശത്രു രാജ്യത്തെ’ പട്ടാളക്കാര്‍ രണ്ടുപേരും ‘പിക്കറ്റ് 43’ യിലെ പോലെ ആത്മബന്ധം പങ്കിട്ടു തുടങ്ങുകയാണ്. പക്ഷെ ‘പിക്കറ്റ് 43’ യിലെ പ്രിഥിരാജിനു പകരം മോഹന്‍ലാല്‍ ആയതുകൊണ്ട് തന്നെ കഥയെ മറ്റൊരു ഞെട്ടിക്കുന്ന ദിശയിലേക്ക് കൊണ്ടുപോവുകയാണ് മേജര്‍ രവി. പാകിസ്ഥാന്‍ പട്ടാളക്കാരന്‍ റാണ ഷെരീഫിന്‍റെ ബാപ്പ അക്രം രാജയെ വെടിവെച്ചു കൊന്നത് മഹാദേവന്‍റെ അച്ചനായ സഹദേവന്‍. അന്ന് അക്രം രാജ എന്ന ഇന്ത്യയില്‍ ജനിച്ച ‘രാജപുത്തിന്‍റെ’ ധീരത കണ്ട സഹദേവന്‍ അയാളെ കൊന്നശേഷം കീശയില്‍ എഴുതിവച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ പാക് സര്‍ക്കാര്‍ അക്രം രാജയ്ക്ക് പരമോന്നത ബഹുമതി  നല്‍കി ആദരിച്ചിട്ടുണ്ടത്രേ. ചെറുപ്പം മുതല്‍ തങ്ങളുടെ പിതാക്കന്മാരുടെ കഥ കേട്ട് വളര്‍ന്നു പട്ടാളത്തില്‍ തന്നെ എത്തുന്ന രണ്ടു മക്കളുടേയും കഥ അടുത്ത പടത്തിനുള്ള കോപ്പായി കണ്ടതുകൊണ്ടൊ വെറുതെ ഒരു ‘ചെയ്ഞ്ച്‌ വേണമത്രേ ചെയ്ഞ്ച്’ എന്ന് വിചാരിച്ചതുകൊണ്ടോ കഥ ഫ്ലാഷ് ബാക്കിലേക്ക്‌ പോവുകയാണ്.

‘അലമ്പനായി’ നാട്ടില്‍ നടക്കുന്ന സഹദേവന്‍ ഉത്സവത്തിന് ഒറ്റയ്ക്ക് രഥം പൊക്കാന്‍ കെല്‍പ്പുള്ളവനും, അമ്പലപറമ്പിനു മുന്നിലെ ആല്‍ത്തറയില്‍ പരസ്യമായി മദ്യപിക്കുന്നവനും തന്നിഷ്ടപ്രകാരം ‘മാപ്ലയെ’ അമ്പലത്തിലേക് ക്ഷണിക്കാന്‍ ധൈര്യം കാണിക്കുന്നവനുമാണ്. അത് ചോദ്യം ചെയ്ത രവിയെ ”നിനക്കൊക്കെ എപ്പോഴാണ് അമ്പലത്തില്‍ കയറാന്‍ അവസരം കിട്ടിയത് ? ” എന്ന ചോദ്യം ചോദിക്കുന്നിടത്ത് ഈ പട്ടാളകഥയൊന്നും ഇല്ലായിരുന്നെങ്കില്‍ മേജര്‍ രവി എത്ര മൈനര്‍ ആയേനെ എന്നു പ്രേക്ഷകന് തോന്നിയാൽ കുറ്റപ്പെടുത്താൻ ആവില്ല. സഹദേവന്‍ ചങ്ങമ്പുഴ കവിത പാടി മയക്കിയ ചന്ദ്രിക ‘ഊച്ചാളി’യായ ഒരു കഥകളിക്കാരനെ കല്യാണം കഴിച്ച ശേഷവും സഹദേവനോടുള്ള നോട്ടങ്ങള്‍ തുടരുന്നുണ്ട്. ഒടുവില്‍ മറ്റൊരു കാരണത്തിന്‍റെ പേരില്‍ കഥകളിക്കാരനെ മര്‍ദ്ദിച്ചു ‘കളി മുടക്കി’ എന്നു പറയുമ്പോള്‍ ‘ഞാന്‍ കളിച്ച ശേഷമാണ് നീ കളിച്ചത്’ എന്ന ദ്വയാര്‍ത്ഥപ്രയോഗത്തില്‍ സഹദേവന്‍ ആത്മരതിയടയുന്നു.

ഇന്ത്യ പാക് യുദ്ധം തുടങ്ങിയ വാര്‍ത്തകള്‍ റേഡിയോയില്‍ വന്നമുതല്‍ ‘1971ഒരു പതിവ് മേജര്‍ രവി പടം ആവുകയാണ്. സഹദേവന്‍ എന്ന മേജര്‍ ഒരു നിരന്തര മദ്യപാനിയാണ്. ലോകത്തെ ഒരു പട്ടാളത്തിലും എടുക്കാന്‍ സാധ്യതയില്ലാത്ത ശരീരപ്രകൃതിയുള്ള മഹാദേവനെ സൃഷ്ടിക്കുന്നതു വഴി മേജര്‍ രവി ഇന്ത്യന്‍ പട്ടാളത്തോടു ചെയ്യുന്നത് വലിയ പാതകം തന്നെയാണ്. കീര്‍ത്തിചക്രയിലെ ജീവയെ പോലെ പട്ടാളകഥയില്‍ പ്രേമം കൊണ്ടുവരാന്‍ പുട്ടിനു പീര പോലെ കൊണ്ടുവന്ന അല്ലു ശിരീഷിന്‍റെ പ്രണയമോ മരണമോ ഒന്നും തന്നെ കാണികളില്‍ പ്രത്യേക ഭാവവ്യത്യാസങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ചിത്രത്തിലെ ഒരു കഥാപാത്രവും കാണികളുടെ മനസ്സില്‍ തട്ടുന്നില്ല എന്നത് പറയാതെ വയ്യ.

തുടക്കം മുതല്‍ ഉന്നതമായ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പട്ടാള സിനിമയായാണ്‌ 1971 ബിയോണ്ട് ബോര്‍ഡര്‍സിനെ കാണിക്കാന്‍ ശ്രമിക്കുന്നത്. യുദ്ധം ഒന്നിനും
പരിഹാരമല്ല എന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുന്ന പടം ഉന്നതരായ പട്ടാളക്കാരുടെ ഇടയിലെ ഉന്നതമായ മാനുഷികമൂല്യങ്ങളെ കാണിക്കാന്‍ പല രംഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. പാകിസ്ഥാനും ഇന്ത്യയും ഒരിക്കല്‍ ഒന്നായിരുന്നു എന്നും പിന്നീട് ‘രണ്ടു വ്യക്തികളുടെ’ അധികാരമോഹമാണ് അവരെ രണ്ടാക്കിയത് എന്ന സംഘപരിവാര്‍ ഭാഷ്യം ആവര്‍ത്തിക്കാനും അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട് 1971 ബിയോണ്ട് ബോര്‍ഡര്‍സ്. ഇത് സംവിധായകന്റെ രാഷ്ട്രീയകൂറായി തള്ളിക്കളയാന്‍ പറ്റില്ല എന്നുള്ളത് അതിലെ ‘ഒളിച്ചുകടത്തല്‍’ സ്വഭാവം ഒന്നുകൊണ്ട് മാത്രമാണ്. ഇടക്കിടെ സൃഷ്ടിക്കുന്ന ‘ഹിന്ദു- മുസ്ലീം’ സൗഹൃദബിംബങ്ങളും അരോചകമായി തോന്നാം. മതേതരത്വം സംസാരിക്കാനും നാനത്ത്വം പ്രകടിപ്പിക്കുവാനും മേജര്‍ രവി സൃഷ്ടിക്കുന്ന ബിംബങ്ങള്‍ ദേശീയോദ്ഗ്രഥന സിനിമകളുടെ വാര്‍പ്പ്ചട്ടിയിലെ വാര്‍പ്പ്  സ്ഥിരം ഭോഷ്ക്കായി നില്‍ക്കുന്നു. ഇരുവശത്തേയും പട്ടാളക്കാര്‍ ഒരേപോലെയാണ് എന്ന് പറയുമ്പോഴും ഇന്ത്യന്‍ പട്ടാളത്തിന്‍റെ മാനുഷിക മൂല്യങ്ങള്‍ കാണിക്കുന്ന ഒന്നിലേറെ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോഴും മലയാള സിനിമകളിലെ സ്ഥിരം കപ്പടാമീശ ക്രൂര പോലീസുകാരനു സമാനമായ ഒരു പാകിസ്ഥാന്‍ ആര്‍മി ജനറല്‍ ഇതിലുണ്ട്. ഇടക്കിടെ അയാളുടെ കൊള്ളരുതായ്മകള്‍ക്കിടയില്‍ കാണിക്കുന്ന രംഗങ്ങള്‍ സൃഷ്ടിക്കുമ്പോഴും അതിനെ സന്തുലിതമാക്കാന്‍ സമാനമായ ഒരു കഥാപാത്രത്തെ ഇന്ത്യന്‍ പട്ടാളത്തില്‍ കാണിക്കുന്നില്ല എന്നത് തീര്‍ച്ചയായും മേജര്‍ രവിയുടെ സത്യസന്ധതയാണ്.

സാങ്കേതികമായി നോക്കുകയാണെങ്കില്‍ എടുത്തു പറയേണ്ടുന്നത് സുജിത് വാസുദേവന്‍റെ ക്യാമറയാണ്. അധികം വൈഡ് ഫ്രേമുകള്‍ വെക്കാതെയും ഫ്രേമില്‍ പുകയും പൊടിപടലങ്ങളും സൃഷ്ടിച്ചുകൊണ്ടും മോഹന്‍ലാല്‍ എന്ന നല്ല നടന് ഒട്ടും ചേരാത്ത ഒരു വേഷത്തെ അധികം ആരോചകമാക്കാതെ കാണിച്ചു എന്നുള്ളതിന്റെ അംഗീകാരം സുജിത്തിനുള്ളതാണ്. യുദ്ധരംഗങ്ങളും നന്നായിതന്നെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രസംയോജനം ‘വൃത്തിയായി’ നിര്‍വഹിച്ചു എന്നു തന്നെ പറയാം.

ഗോപീ സുന്ദറിന്റെ ‘ഫാക്ടറിയില്‍’ നിന്നും പുറത്തിറങ്ങിയ പാശ്ചാത്തല സംഗീതം പല സ്ഥലത്തും സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തമില്ലാതെ തന്നെ നിന്നു. മേജര്‍ രവി പടങ്ങളില്‍ പതിവുപോലെയുള്ള ബഹുഭാഷാഗാനങ്ങളില്‍ ഒന്നും തന്നെയും പറയത്തക്ക മികവൊന്നും പുലര്‍ത്തുന്നില്ല. എഴുപതുകള്‍ ആയാലും 2017 ആയാലും ആളുകളുടെ വസ്ത്രധാരണ രീതികളിലോ ചമയങ്ങളിലോ കാര്യമായ മാറ്റങ്ങള്‍ ഇല്ല എന്നതും അത്ഭുതകരമായ ഒരു വസ്തുതയാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ