scorecardresearch

പതിനെട്ട്‌ തികയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരും

2000മാണ്ട് മെയ്‌ 5നാണ് മലയാളിയായ സംവിധായകന്‍ രാജീവ്‌ മേനോന്‍ തമിഴില്‍ ഒരുക്കിയ മള്‍ടി സ്റ്റാറര്‍ ചിത്രമായ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' റിലീസായത്

2000മാണ്ട് മെയ്‌ 5നാണ് മലയാളിയായ സംവിധായകന്‍ രാജീവ്‌ മേനോന്‍ തമിഴില്‍ ഒരുക്കിയ മള്‍ടി സ്റ്റാറര്‍ ചിത്രമായ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' റിലീസായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kandukonden Kandukonden Featured

സുന്ദരികളും സുന്ദരന്മാരും നിറഞ്ഞ ഈ ചിത്രത്തിന് ഇന്ന് പതിനെട്ട്‌ വയസ് തികയുകയാണ്. മലയാളിയായ സംവിധായകന്‍ രാജീവ്‌ മേനോന്‍ തമിഴില്‍ ഒരുക്കിയ മൾട്ടി-സ്റ്റാറര്‍ ആയിരുന്നു 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രം. 2000മാണ്ട് മെയ്‌ 5ന് റിലീസ് ആയ ഈ ചിത്രമാണ് പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍ കൂടിയായ രാജീവ്‌ മേനോന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചലച്ചിത്രം.

Advertisment

കലൈപുലി എസ്.താണു നിര്‍മ്മിച്ച 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി'ല്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് മമ്മൂട്ടി, അജിത്‌, അബ്ബാസ്, ഐശ്വര്യ റായ്, തബു, പൂജാ ബത്ര, ശ്രീവിദ്യ, ശ്യാമിലി, മണിവണ്ണന്‍ എന്നിവരാണ്. യുദ്ധത്തില്‍ മുറിവേറ്റ് നാട്ടിലേക്ക് മടങ്ങിയ ആര്‍മിക്കാരന്‍റെ വേഷത്തില്‍ മമ്മൂട്ടിയുടെ നായക കഥാപാത്രമായ മേജര്‍ ബാല.

തബു, ഐശ്വര്യ റായ്, ശ്യാമിലി എന്നിവര്‍ ശ്രീവിദ്യയുടെ മക്കളായി അഭിനയിച്ച ചിത്രമാണ് 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍'. തബുവിന്‍റെ ദിവ്യ എന്ന കഥാപാത്രവുമായി ഇഷ്ടത്തിലാകുന്ന സിനിമാ സംവിധായകന്‍ മനോഹറായി അജിത്‌ എത്തിയപ്പോള്‍, ഐശ്വര്യ റായുടെ മീനു എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന ശ്രീകാന്തായി അബ്ബാസും എത്തി. ശ്രീകാന്തുമായുള്ള പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നു ജീവിതത്തില്‍ താൽപര്യം നഷ്ടപ്പെടുന്ന മീനുവിനെ സംഗീതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയാണ് മേജര്‍ ബാല.

Advertisment

സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്‍റെ തിരക്കുകള്‍ കാരണം ദിവ്യയുമായി അകലുന്ന മനോഹര്‍, ആ ചിത്രത്തിലെ നായികയുമായി ഇഷ്ടത്തിലാണ് എന്ന് ദിവ്യ തെറ്റിദ്ധരിക്കുന്നു. മനോഹറിന്‍റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം അയാള്‍ ദിവ്യയെ തേടിയെത്തി തന്‍റെ തെറ്റ് ഏറ്റുപറയുന്നു. ഈ രണ്ടു പ്രണയകഥകള്‍ക്കൊപ്പം ശ്രീവിദ്യയുടെ പിതൃസ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചിത്രം പറയുന്നുണ്ട്.

സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് എ.ആര്‍.റഹ്മാന്‍ ആണ്. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രീകരിച്ച 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി'ലെ ഗാനരംഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് രവി കെ.ചന്ദ്രന്‍. സ്കോട്‌ലന്‍ഡ്‌, ഈജിപ്റ്റ്‌ എന്നിവിടങ്ങളിലാണ് ഐശ്വര്യ റായ്, അബ്ബാസ്, അജിത്‌, തബു എന്നിവര്‍ അഭിനയിച്ച ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിലെ 'എന്ന സൊല്ല പോകിറായ്, ന്യായമാ...' എന്ന ഗാനം ആലപിച്ചതിന് ശങ്കര്‍ മഹാദേവന്‍ ആ വര്‍ഷത്തെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടി.

പതിനെട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്‍റെ അടുത്ത ചിത്രമായ 'സര്‍വ്വം താളമയ'ത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍ രാജീവ്‌ മേനോന്‍. ഈ ചിത്രത്തിന്‍റെയും സംഗീതം എ.ആര്‍.റഹ്മാന്‍ തന്നെയാണ്. ജി.വി.പ്രകാശ്, അപർണ ബാലമുരളി, നെടുമുടി വേണു, വിനീത്, ദിവ്യ ദര്‍ശിനി എന്നിവര്‍ അഭിനയിക്കുന്നു. രവി യാദവ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ആന്റണി. ലതയാണ് നിര്‍മാതാവ്.

publive-image

രാജ്യത്തെ മുതിര്‍ന്ന ക്യാമറാമാന്‍മാരില്‍ ഒരാളായ രാജീവ്‌ മേനോന്‍ പരസ്യ സംവിധാന രംഗത്ത് നിലയുറപ്പിച്ചതിനു ശേഷമാണു സിനിമാ രംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രം 'മിന്‍സാരക്കനവ്‌' വലിയ വിജയമായിരുന്നു. പ്രഭുദേവ, കാജല്‍, അരവിന്ദ് സ്വാമി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മിന്‍സാരക്കനവ്‌' ആ വര്‍ഷത്തെ പുരസ്കാരങ്ങളില്‍ പലതും കൈപ്പറ്റി. കെ.എസ്.ചിത്രയ്ക്ക് രണ്ടാമതും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'ഊ ല ല ല' എന്ന ഗാനം ഈ ചിത്രത്തിലേതാണ്‌. എ.ആര്‍.റഹ്മാനാണ് സംഗീതം പകര്‍ന്നത്. മലയാളിയായ വേണുവാണ് 'മിന്‍സാരക്കനവി'ന് ക്യാമറ ചലിപ്പിച്ചത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ 'ഹരികൃഷ്ണന്‍സില്‍' മമ്മൂട്ടിക്കും മോഹന്‍ലാനുമൊപ്പം ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട് രാജീവ്‌ മേനോന്‍. സംഗീതജ്ഞയായ കല്യാണി മേനോന്‍ ആണ് രാജീവിന്‍റെ മാതാവ്. ഭാര്യ ലത പരസ്യ രംഗത്ത് പ്രശസ്തയായ സംവിധായികയാണ്.

Tabu Aishwarya Rai Bachchan Mammootty Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: