Bigg Boss Malayalam, 07 September 2018 Episode: 74 വീട്ടുമുറ്റത്തെ ചെടികളെ ചൊല്ലി ഹിമയും സാബുവും പരസ്പരം കളിയാക്കുന്നതോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ഹിമ തന്‍റെ ചെടി എടുത്ത് സാബുവിന്‍റെ ചെടിയുടെ അടുത്ത് നിന്നും മാറ്റിവച്ചു. സാബുവിന് മനുഷ്യത്വമില്ലെന്ന് ഹിമ പറഞ്ഞു. ഹിമ ചെടിയോട് സംസാരിക്കുന്നത് വലിയ സംഭവമായി സാബു അർച്ചനയോടും അതിഥിയോടും പറഞ്ഞു. രണ്ടു പേരും ഹിമയുടെ ഭാഗത്താണ് നിന്നത്. സാബു ഇരുവരേയും കളിയാക്കി. വെറുതെ ഇരിക്കുന്നവരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സാബു പറഞ്ഞു. ചെടിയാണെങ്കില്‍ ചെവിക്കല്ല് അടിച്ച് പൊളിക്കില്ലെന്നും സാബു പറഞ്ഞു. ഇതിനെ കുറിച്ച് പേളിയോട് ഹിമ പരാതിപ്പെട്ടു.

സാധനങ്ങള്‍ വാങ്ങാനുള്ള സമയമായിരുന്നു പിന്നീട്. നഷ്ടപ്പെട്ട ലക്ഷ്വറി ടാസ്ക് പോയിന്‍റുകള്‍ വീണ്ടെടുക്കാനുള്ള അവസരമായിരുന്നു അത്. പോയിന്‍റ് കടം വാങ്ങരുതെന്ന് പറഞ്ഞ സാബുവിനെ അർച്ചന കളിയാക്കി. അഭിമാനമാണ് വലുതെന്നും കമിന്‍റ്മെന്‍റ് വേണമെന്നൊക്കെ പറഞ്ഞ് അർച്ചന സാബുവിനെ കളിയാക്കി. ഇതിനിടെ സാബുവും സുരേഷും തമ്മില്‍ തർക്കമായി. ഹിമയും സാബുവിനെതിരെ രംഗത്തെത്തി. അന്തിമ തീരുമാനം ക്യാപ്റ്റനായ ശ്രീനിഷിന് വിട്ടതോടെയാണ് തർക്കം അവസാനിച്ചത്. തിരിച്ച് കൊടുക്കാനുള്ള പോയിന്‍റില്ലെന്ന് ശ്രീനിഷും ബഷീറും പേളിയും പറഞ്ഞതോടെ അർച്ചനയും അത് സമ്മതിച്ചു. എന്നാല്‍ സുരേഷ് എതിർത്തു. സുരേഷും ഹിമയും ഇതേ തുടർന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.

സുരേഷിനെ ആശ്വസിപ്പിക്കാനായി ശ്രീനിഷ് ശ്രമിച്ചെങ്കിലും സാബുവിന്‍റെ വാശി ജയിക്കാന്‍ വിടില്ലെന്ന് സുരേഷ് പറഞ്ഞു. ബഷീറും സുരേഷിനെ തിരിച്ച് വിളിക്കാനെത്തി. ഇതേസമയം, സാബു അകത്ത് ദേഷ്യപ്പെട്ട് നടക്കുകയായിരുന്നു. ഹിമ സാബുവിന് അടുത്തെത്തി പ്രകോപിക്കുന്നുണ്ടായിരുന്നു. ഇതോടെ സാബു സുരേഷിന് അടുത്തെത്തി. സുരേഷ് പറഞ്ഞത് സമ്മതിക്കാമെന്ന ധാരണയില്‍ സാബു സുരേഷിനെ തിരിച്ച് വിളിച്ചു. ഇതിന് ശേഷം എല്ലാവരും നടുത്തളത്തിലെത്തുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. സാബു കള്ളത്തരം കാണിക്കാനായി ശ്രമിച്ചെങ്കിലും എല്ലാവരും ചേർന്ന് സാബുവിനെ പിടിച്ചു വച്ചു. സാബുവിനെതിരെ ഹിമയായിരുന്നു പ്രധാനമായും രംഗത്തുണ്ടായിരുന്നത്.

ഉച്ചയ്ക്ക് സാബുവും സുരേഷും മുട്ട പൊരിച്ച് കഴിക്കുന്നതിനെ പേളിയും അർച്ചനയും തടഞ്ഞു. പക്ഷെ തമാശയായിട്ടായിരുന്നു നാലുപേരും പെരുമാറിയിരുന്നത്. ഇതിനിടെ ഇടപെട്ട ഹിമ താനിനി തനിക്ക് തോന്നുന്നത് പോലെ മുട്ട കഴിക്കുമെന്ന് പറഞ്ഞു. കാര്യം മനസിലാക്കാതെ സംസാരിക്കാന്‍ വരരുതെന്ന് പറഞ്ഞ് സുരേഷ് ഹിമയ്ക്ക് മറുപടി കൊടുത്തു. സാബു ഭക്ഷണം കഴിക്കുന്ന സമയം ഹിമ കളിയാക്കി. പിന്നീട് ഹിമയുടെ അടുത്തെത്തിയ സാബു നിന്‍റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ല ഞാന്‍ കഴിക്കുന്നതെന്നും ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും പറഞ്ഞു. സ്വന്തം അമ്മയേയും അച്ഛനേയും വരെ ശത്രുവായി കാണുന്നവളാണ് ഹിമയെന്നും സാബു പറഞ്ഞു. ചില ആളുകളോട് മാത്രം പ്രത്യേകതയുണ്ടെന്ന് ഹിമ തിരിച്ചടിച്ചു. സുരേഷും സാബുവിന് പിന്തുണയായെത്തി.

സ്മോക്കിങ് ഏരിയയിലുണ്ടായിരുന്ന സാബുവിനും സുരേഷിനും അരികിലെത്തി ഹിമ വീണ്ടും പ്രശ്നമുണ്ടാക്കി. ശ്രീനിഷ് ഹിമയോട് പോകാന്‍ പറഞ്ഞെങ്കിലും ഹിമ കൂട്ടാക്കിയില്ല. തന്‍റെ അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞപ്പോള്‍ ആർക്കും കൊണ്ടില്ലെന്ന് പറഞ്ഞായിരുന്നു ഹിമ പൊട്ടിത്തെറിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കാനുള്ള അവസരം സാബു വെറുതെ വിടില്ലെന്നും സാബു ചെകുത്താനാണെന്നും ഹിമ പറഞ്ഞു. സാബുവിനോട് ഇഷ്ടം തോന്നിയതാണ് തന്‍റെ തെറ്റെന്നും ഹിമ പറഞ്ഞു. സാബു ഓരോന്നു പറഞ്ഞ് ഹിമയെ പ്രകോപിച്ചു. തന്‍റെ വീട്ടിലെ സ്വഭാവം ഇവിടെ എടുക്കരുതെന്ന് ഹിമ സാബുവിനോട് പറഞ്ഞു. സുരേഷിന്‍റേയും ബഷീറിന്‍റേയും ശ്രീനിഷിന്‍റേയും നിശബ്ദ പിന്തുണയും സാബുവിനുണ്ടായിരുന്നു.

സാബുവിന് പിന്നാലെ അടുക്കളയിലെത്തിയ ഹിമ ഭക്ഷണത്തെ കുറിച്ച് പറഞ്ഞ് ചൂടായി. ഹിമയോട് അടങ്ങാന്‍ പേളി പറഞ്ഞെങ്കിലും തന്‍റെ അച്ഛനെ പറഞ്ഞപ്പോള്‍ ആരേയും കണ്ടില്ലല്ലോ എന്ന് ഹിമ പറഞ്ഞു. ഷിയാസും ഹിമയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. എന്നാല്‍ ഹിമ നിർത്താനുള്ള ഉദ്ദേശ്യമായിരുന്നില്ല. തമാശ രൂപത്തിലായിരുന്നു സാബു ഇതിനോടൊക്കെ പ്രതികരിച്ചത്. ഇത് ഹിമയെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇനി മേലാല്‍ സാബു മര്യാദയ്ക്ക് ഫുഡ് കഴിക്കില്ലെന്ന് ഹിമ പറഞ്ഞു. സാബുവിന്‍റെ അമ്മയെ തനിക്ക് കാണണമെന്നും വീട്ടിലെ സ്വഭാവം ഇവിടെ എടുക്കരുതെന്നും പറഞ്ഞ് ഹിമ ദേഷ്യം പിടിച്ചു. സാബുവിന്‍റെ ചായ തട്ടി മറിക്കാനായി ഹിമ ശ്രമിച്ചു. സാബു വിഷമാണെന്നും ഹിമ പറഞ്ഞു. ഇതോടെ സുരേഷും പേളിയും അർച്ചനയും ചേർന്ന് ചെകുത്താന്‍ കയറിയ വീടെന്ന പാട്ട് പാടി. ഇതൊക്കെ ഹിമയെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. രണ്ടു മുട്ടയെടുത്ത് കൈയ്യില്‍ പിടിച്ചു കൊണ്ട് തനിക്ക് തോന്നിയത് പോലെ ചെയ്യുമെന്ന് ഹിമ പറഞ്ഞു. ക്യാപ്റ്റനായ ശ്രീനി എന്താണ് പ്രശ്നമെന്ന് ചോദിച്ചു.

താന്‍ തനിക്ക് അവകാശപ്പെട്ട മുട്ട മാത്രമാണ് എടുത്തതെന്നു സാബു വ്യക്തമാക്കി. ഇതിനിടെ ഇരുവരും വീണ്ടും തർക്കമായി. ഹിമയെ പ്രകോപിപ്പിക്കാനായി സാബു പ്ലെയ്റ്റ് എടുത്ത് കൊട്ടി. ഹിമ പ്ലെയ്റ്റ് തട്ടി മാറ്റിയതും സാബു ചാടിയെഴുന്നേറ്റു. എന്നാ അടിക്കെടാ എന്ന് പറഞ്ഞ് ഹിമ സാബുവിന്‍റെ നേരെ ചാടിയെത്തി. എല്ലാവരും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു. കൈയ്യിലൊരു പാത്രവുമായി സാബു ഹിമയുടെ മുന്നിലൂടെ നടന്ന് പ്രകോപിപ്പിക്കുന്നത് തുടർന്നു. ഹിമയേയും സാബുവിനേയും ഓരോ മുറിയിലാക്കി മാറ്റി നിർത്തിയാണ് താല്‍ക്കാലിക ശമനമുണ്ടാക്കിയത്. എന്നാല്‍ അവിടെ ഇരുന്നു കൊണ്ട് തന്നെ രണ്ടു പേരും പരസ്പരം വെല്ലുവിളിക്കുന്നുണ്ടായിരുന്നു. ഇങ്ങനാണെങ്കില്‍ രണ്ടു പേരും എറണാകുളത്ത് ഒരു ഫ്ലാറ്റ് എടുത്ത് അടിയുണ്ടാക്കട്ടെ എന്ന് സുരേഷ് പറഞ്ഞു. ഇരുവരും പരസ്പരം അപ്പുറത്തും ഇപ്പുറത്തും നിന്ന് വെല്ലുവിളിക്കുന്നത് കണ്ട് മറ്റുള്ളവർ ചിരിക്കുകയായിരുന്നു.

പിന്നീട് സുരേഷ് സാബുവിന് അടുത്തെത്തി എന്തിനാണ് അടിയുണ്ടാക്കിയതെന്ന് ചോദിച്ചു. അവളാണ് അടിയുണ്ടാക്കിയതെന്നും സുരേഷ് പറഞ്ഞു. സംഗതി കൈവിട്ടു പോകുമായിരുന്നുവെന്ന് ശ്രീനിഷും അഭിപ്രായപ്പെട്ടു. ഷിയാസ് ഹിമയുടെ അടുത്തെത്തി അടിയുണ്ടാക്കിയത് ശരിയല്ലെന്ന് പറഞ്ഞതും ഹിമ ഷിയാസിനോടും കയർത്തു. എന്നെ മാത്രം കുറ്റപ്പെടുത്തുന്നു, ധൈര്യമുണ്ടെങ്കില്‍ സാബുവിനോട് ചോദിക്കു എന്ന് ഹിമ പറഞ്ഞു. മുന്‍ ജന്മത്തില്‍ പരസ്പരം കൊന്നവരാകാം ഹിമയും സാബുവുമെന്ന് സുരേഷ് പറഞ്ഞു. അതിഥി ഹിമയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്‍റെ അച്ഛനേയും അമ്മയേയും പറഞ്ഞതു കൊണ്ടാണ് ദേഷ്യം പിടിച്ചതെന്ന് ഹിമ വ്യക്തമാക്കി. സാബു ചെയ്തതും തെറ്റാണെന്നും എന്നാല്‍ തെറ്റിനെ തെറ്റ് കൊണ്ടല്ല നേരിടേണ്ടതെന്ന് അതിഥി പറഞ്ഞു. ഇത്രയും നടക്കുന്ന സമയം താനും അവിടെയുണ്ടായിരുന്നുവെന്നും ഹിമ ചൊറിഞ്ഞതാണെന്ന് അർച്ചന പറഞ്ഞു. ചൊറിയാന്‍ വേണ്ടി തന്നെയാണ് ഹിമ അവിടെ വന്നതെന്നും അർച്ചന പറഞ്ഞു.

പുതിയ ലുക്കിലായിരുന്നു ഷിയാസ് ഇന്നെത്തിയത്. താടി വടിച്ച് കട്ടി മീശയുമായിരുന്നു ഷിയാസിന്‍റെ പുതിയ ലുക്ക്. ഇത് മോഡേണ്‍ ലുക്കാണെന്ന് ഷിയാസ് പറഞ്ഞു. അതിഥിയ്ക്ക് പക്ഷെ ഇത് ഇഷ്ടമായില്ല. പേളിയും അതിഥിയും ചേർന്ന് ഷിയാസിനെ കളിയാക്കി. ഷിയാസിനെക്കാള്‍ മോഡല്‍ ലുക്ക് ഡേവിഡിനുണ്ടെന്ന് പറഞ്ഞ് അതിഥി ഷിയാസിനെ കളിയാക്കി. അതിഥി ഇതേ കുറിച്ച് സാബുവിനോട് ചോദിച്ചു. സാബു അതിഥിക്കൊപ്പം നിന്നു. നീയെന്ത് മോഡലാണെന്നും നിന്നെ ഇന്നുവരെ ഒരു ഫ്ലക്സില്‍ പോലും കണ്ടിട്ടില്ലെന്നും സാബു പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ തർക്കമായി. താന്‍ റെയ്മണ്ടിന്‍റെ മോഡലാണെന്ന് ഷിയാസ് പറഞ്ഞു. അർമാനിയുടെ വസ്ത്രമണിയുന്നവരൊന്നും അർമാനിയുടെ മോഡലാകില്ലെന്ന് പറഞ്ഞ് സാബു കളിയാക്കി. ഇരുവരും പരസ്പരം വാഗ്വാദമായി. താനാരാണെന്ന് ഷിയാസ് ചോദിച്ചു. ഷിയാസ് തള്ളുകയാണെന്ന് സാബു പറഞ്ഞു. ഡേവിഡ് കരഞ്ഞത് ഷിയാസ് കളിയാക്കിയതിനെ അതിഥി എതിർത്തു. ഇതോടെ ഷിയാസ് എഴുന്നേറ്റ് പോയി. ഹിമയും ഷിയാസും ഒരുമിക്കുന്നതാണ് പിന്നീട് കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook