കേരള രാജ്യാന്തര ഡോക്യമെന്ററി-ഹ്രസ്വ ചിത്ര മേളയ്ക്ക് (ഐ ഡി എസ് എഫ് എഫ് കെ) നാളെ തിരുവനന്തപുരത്ത് തിരി തെളിയും. ലോകമെമ്പാടും നിന്നുള്ള ശ്രദ്ധേയമായ നോണ്‍-ഫീച്ചര്‍ സിനിമകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ മേള ഏഷ്യയിലെ ഡോകുമെന്ററി ചലച്ചിത്ര മേളകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. 2007ല്‍ ആരംഭിച്ച മേളയുടെ പതിനൊന്നാം പതിപ്പാണ് ഈ വര്‍ഷം നടക്കുക. ജൂലൈ 20 മുതല്‍ 27 വരെ തീയതികളില്‍ തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ, എന്നീ തിയേറ്ററുകളിലായാണ് മേളയിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുബന്ധ പരിപാടികളും.
നാളെ കൈരളി തിയേറ്ററില്‍ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ മുഖ്യാതിഥിയാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അധ്യക്ഷന്‍. ഉദ്ഘാടന ചടങ്ങില്‍ വച്ച് മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഡോകുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.
സാമൂഹിക-രാഷ്ട്രീയ-മനുഷ്യവാകാശ മേഖലകളിലെ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഡോകുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള ആനന്ദ് പട്വര്‍ദ്ധന്‍, ജാതീയതയ്ക്കും വര്‍ഗ്ഗീയവാദത്തിനുമെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നയാളാണ്. ഹമാരാ ശെഹര്‍ (1985), ഇന്‍ മെമ്മറി ഓഫ് മൈ ഫ്രണ്ട്സ് (1990), റാം കെ നാം (1992), നര്‍മ്മദ ഡയറി (1995), വാര്‍ ആന്‍ഡ് പീസ് (2002), ജയ് ഭീം കോംറൈഡ് (2011) എന്നിവയാണ് പ്രധാനപ്പെട്ട സിനിമകള്‍. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആനന്ദ് പട്വര്‍ദ്ധന്‍റെ അഞ്ചു ഡോകുമെന്ററികളും മൂന്നു മ്യൂസിക് വീഡിയോകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
64 മത്സരചിത്രങ്ങള്‍ ഉള്‍പ്പടെ 206 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ റഈദ് അന്റോണി അധ്യക്ഷനായ സമിതിയാണ് മത്സരചിത്രങ്ങള്‍ വിലയിരുത്തുന്നത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയിലുണ്ടാകും.
കേരളത്തിന് രാജ്യാന്തര ചലച്ചിത്ര മേള എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ പ്രധാനമാണ് ഐ ഡി എസ് എഫ് എഫ് കെയുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ ബീനാ പോള്‍ പറയുന്നു.
“ഐ എഫ് എഫ് കെയില്‍ ഡോക്യുമെന്ററി, ഷോട്ട് ഫിലിം, ആനിമേഷന്‍ ചിത്രങ്ങള്‍ക്കുള്ള സ്‌പേസില്ല. അത് ലഭിക്കുന്നത് ഐ ഡി എസ് എഫ് എഫ് കെയിലാണ്. അതു കൊണ്ടു തന്നെ ഒരു ഡോക്യമെന്ററി ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം ഈ മേള വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവര്‍ മേളയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വര്‍ക്കുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും, എന്നാല്‍ മത്സര വിഭാഗത്തില്‍ ഇന്ത്യന്‍ സൃഷ്ടികള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ”.
മലയാളിയുടെ നോണ്‍ ഫീച്ചര്‍ ഫിലിം ആസ്വാദനത്തില്‍, പ്രസക്തമായ വിഷയങ്ങളെ മനസ്സിലാക്കുന്നതില്‍, അതിനോട് പ്രതികരിക്കുന്നതില്‍ ഈ മേള വലിയ പങ്കു വഹിച്ച പങ്ക് വളരെ വലുതാണെന്നും ബീനാ പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.
“കൊമേഴ്‌സ്യല്‍ ചിത്രങ്ങളും ഫീച്ചര്‍ ചിത്രങ്ങളും കാണാനുള്ള അത്ര തന്നെ അവസരം നമുക്ക് ചിലപ്പോള്‍ ഡോക്യമെന്ററി ചിത്രങ്ങള്‍ കാണാന്‍ ലഭിച്ചു കൊള്ളണം എന്നില്ല. ഈ മേളയില്‍ പങ്കെടുക്കാന്‍ വരുന്ന ആളുകളുടെ പ്രധാന ഉദ്ദേശം വിഷയം പഠിക്കുക എന്നതാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലാണ് ഭൂരിഭാഗം ചിത്രങ്ങളും ഒരുക്കുന്നത്. ലോകത്ത് എമ്പാടും നടക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇവിടെയും പ്രതിഫലിക്കുക. സെക്ഷ്വാലിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള സൃഷ്ടികള്‍ ഇത്തവണയും ഉണ്ട്”.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ലൈംഗികതയുടെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന ‘എന്‍ഗേജിങ് വിത്ത് സെക്ഷ്വാലിറ്റി’ എന്ന പ്രത്യേക പാക്കേജ് ഇത്തവണത്തെ മേളയിലുണ്ടാകും. രാജ്യാന്തര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇരുപത് ഇറാനിയന്‍ ഹ്രസ്വ ചിത്രങ്ങളും, ‘സിനിഫീലിയ’ എന്ന പ്രത്യേക പാക്കേജും ഇതിനൊപ്പം പ്രദര്‍ശിപ്പിക്കും. മണ്മറഞ്ഞ പ്രമുഖ ഡോക്യുമെന്ററി സംവിധായിക ഇന്ദിര സെന്നിന്റെ സ്മരണാര്‍ത്ഥം ‘കഥാര്‍സിസ്’ എന്ന അവരുടെ ചിത്രവും ഫെമിനിസ്റ്റ് ചരിത്രകാരിയും സാംസ്‌കാരിക വിമര്‍ശകയുമായ ലതാ മണിയുടെ അഞ്ചു ചിത്രങ്ങളുമുണ്ടാകും.
ലോങ്ങ് ഡോകുമെന്ററി, ഷോര്‍ട്ട് ഡോകുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിംസ് എന്നീ വിഭാഗങ്ങളിലായി 64 ചിത്രങ്ങളാണ് മത്സര വിഭാഗങ്ങളില്‍ ഉള്ളത്.
സമകലില ചൈനീസ് കലാകാരനായ ആയ് വൈ വൈയുടെ ‘ഹ്യുമന്‍ ഫ്‌ളോ’യാണ് ഉദ്ഘാടന ചിത്രം. 23 രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ ജീവിത കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം. 2017 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം വെനീസ് ചലച്ചിത്ര മേള ഉള്‍പ്പടെ പല പ്രധാനപ്പെട്ട മേളകളില്‍ സ്ക്രീന്‍ ചെയ്യപ്പെട്ടിരുന്നു.
ലോങ്ങ് ഡോകുമെന്ററി വിഭാഗത്തില്‍ ഒന്‍പതു ഇന്ത്യന്‍ ചിത്രങ്ങളാണ് മത്സരിക്കുക. അതില്‍ ആറെണ്ണം വനിതാ സംവിധായികമാരുടെതാണ്, രണ്ടെണ്ണം സംഭാഷണവിമുക്തവും. ഇതില്‍ മലയാള ചിത്രങ്ങള്‍ ഒന്നും തന്നെയില്ല. ഈ വിഭാഗത്തില്‍ വിജയിക്കുന്ന ചിത്രത്തിന് ഓസ്കാര്‍ പുരസ്കാര നോമിനിശന്‍ ലഭിക്കും. നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെക്കാവും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍സ് ഈ ചിത്രത്തെ പരിഗണിക്കുക. ഇന്ത്യയിലെ ഒരു ചലച്ചിത്രമേളയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത് ഇതാദ്യമായാണ് എന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.
ഷോര്‍ട്ട് ഡോകുമെന്ററി വിഭാഗത്തില്‍ ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് ഉള്ളത്. ഇതില്‍ നാല് മലയാള ചിത്രങ്ങളും ഉള്‍പ്പെടും. ‘ഫോക്കസ് ലോങ്ങ് ഡോകുമെന്ററി എന്ന വിഭാഗത്തില്‍ പതിനേഴു ചിത്രങ്ങളുണ്ടാവും. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തക ഗൗരി ലങ്കെഷിനെ ക്കുറിച്ചുള്ള ‘ഔര്‍ ഗൗരി’ എന്ന ചിത്രവും ഈ വിഭാഗത്തിലാണ്.
Read More: ചലച്ചിത്ര അക്കാദമിയ്ക്ക് ഡോകുമെന്ററി സംവിധായകരുടെ തുറന്ന കത്ത്
മലയാളത്തിനു വേണ്ട രീതിയിലുള്ള പരിഗണന ലഭിക്കുന്നില്ല എന്ന് കേരളത്തിലെ ഡോകുമെന്ററി സംവിധായകര്‍ പരാതിപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ മലയാളത്തിനായി പ്രത്യേക പാക്കേജോ അവാര്‍ഡ് ക്യാറ്റഗറിയോ ഇല്ലെന്നും എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ബീനാ പോള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് ഒഴിവാക്കേണ്ടി വന്ന കെ.ആര്‍ മനോജിന്റെ ഡോക്യമെന്ററി ചിത്രമായ ‘വര്‍ക്ക് ഓഫ് ഫയര്‍’ ഇത്തവണ പ്രദര്‍ശിപ്പിക്കുമെന്നും, എന്നാല്‍ മത്സരവിഭാഗത്തിലാകില്ല ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നും ബീനാ പോള്‍ പറഞ്ഞു.
“കഴിഞ്ഞ വര്‍ഷം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് കെ.ആര്‍ മനോജിന്റെ ഡോക്യമെന്ററി പ്രദര്‍ശിപ്പിക്കാനായില്ല. നല്ല ചിത്രമാണെന്ന് ജൂറിക്ക് അഭിപ്രായമുള്ളതു കൊണ്ടാണ് ഇത്തവണ പ്രദര്‍ശിപ്പിക്കാം എന്ന് തീരുമാനിച്ചത്. പക്ഷെ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. അതിനു റെഗുലേഷന്‍സ് അനുവദിക്കുന്നില്ല”, ബീനാ പോള്‍ വിശദീകരിച്ചു.
ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി അഞ്ചു പുരസ്കാരങ്ങളാണ് മേളയില്‍ നല്‍കുന്നത്. കവിതാ ല;ലങ്കേഷ്, അമീര്‍ സോഹേലി, മഹേഷ് നാരായണന്‍ എന്നിവരാണ് ഫിക്ഷന്‍ ജൂറി അംഗങ്ങള്‍. റയീദ് അന്തോണി, പരോമിതാ വോറ, കെ പി അമുതന്‍ എന്നിവരാണ് നോണ്‍ ഫിക്ഷന്‍ ജൂറി അംഗങ്ങള്‍.