വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് നടൻ ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. പിച്ചവെച്ചും നടന്നും വീണും ഓടിയും വിജയകുതിപ്പ് നടത്തിയും കടന്നുപോയ ടൊവിനോയുടെ കരിയറിലെ പത്തുവർഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും.
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ടൊവിനോ ഇപ്പോൾ. ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പത്തുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നത്.
“10 വർഷം മുമ്പ് ഈ ദിവസം, ‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം ജീവിതം മാറിമറിഞ്ഞു. അതുവരെ ഒരു യാത്രയായിരുന്നു, അന്നുമുതൽ അത് മറ്റൊന്നായി മാറി. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, ഇതിൽ കൂടുതൽ അനുഗ്രഹം എനിക്ക് ലഭിക്കാനില്ല- എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആഹ്ലാദത്താൽ… തീർച്ചയായും മറുപക്ഷവും അതിന്റെതായ അത്ഭുതങ്ങൾ ചെയ്തു – വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും… ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും അവർക്ക് തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. സ്നേഹം തുടരൂ, പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും.
ഒത്തിരി സ്നേഹം, ടോവി,” ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കുറിപ്പിൽ ടൊവിനോ കുറിച്ചതിങ്ങനെ.
ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.
കാണെക്കാണെ, മിന്നൽ മുരളി, നാരദൻ, ഡിയർ ഫ്രണ്ട്, വാശി, തല്ലുമാല എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട ടൊവിനോ ചിത്രങ്ങളാണ്.