1994 ലില്‍ റിലീസ് ചെയ്ത മഗിലേര്‍ മട്ടും നിര്‍മ്മിച്ചത് കമലഹാസനാണ്. നായകനു ചുറ്റും കറങ്ങിക്കൊണ്ടിരുന്ന തമിഴ് സിനിമയില്‍ വേറിട്ടതും ധീരവുമായ ഒരു പരീക്ഷണമായിരുന്നു അത്.
തങ്ങളെ ഉപദ്രവിക്കുന്ന സ്ത്രീലമ്പടനായ ബോസ്സിനെ മൂന്ന് പെണ്ണുങ്ങള് ചേര്‍ന്ന് ഒരു പാഠം പഠിപ്പിക്കുന്നതാണ് ഇതിവൃത്തം. രേവതി, ഉര്‍വശി, രോഹിണി എന്നിവരാണ് നാസര്‍ അവതരിപ്പിച്ച കഥാപാത്രത്തിനെ ശെരിപ്പെടുത്തുന്നത്. മൂവരും മൂന്ന് ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവര്‍ – രേവതിയുടെ കഥാപാത്രം മോഡേണ്‍ എക്സിക്യൂട്ടീവ് ആയപ്പോള്‍ ഉര്‍വശി യാഥാസ്ഥിതികതയുടെ രൂപകമായ കുടുംബിനി കം ക്ലാര്‍ക്ക്. രോഹിണിയാകട്ടെ, മുറ്റമടിക്കാനും മറ്റും വരുന്ന കീഴ് ജാതിക്കാരി. ഇവരെ മൂന്ന് പേരെയും നായകന് പക്ഷെ ഒരൊറ്റ വീക്ഷണകോണിലേ കാണുന്നുള്ളൂ – പെണ്ണ്.
ഇവരുടെ പ്രതികാരമാണ് സിനിമ. സിങ്കിതം ശ്രീനിവാസ റാവു സംവിധാനം ചിത്രം എഴുതിയതും കമലഹാസന് തന്നെ. കോളീന്‍ ഹിഗ്ഗിന്‍സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ 9 to 5 എന്നതിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഇത്.
തിരക്കഥ വായിച്ചപ്പോള്‍ അവസാന ഭാഗത്ത് ഒരല്പം ധൃതി കൂടിപ്പോയോ എന്ന് രേവതി കമലഹാസനോട് സംശയം പ്രകടിപ്പിച്ചുവത്രേ. മറുപടിയായി കമല്‍ പറഞ്ഞതിങ്ങനെ.
‘പ്രേക്ഷകര്‍ കാണാനുള്ളതെല്ലാം കണ്ടു കഴിഞ്ഞ്, എല്ലാ നാടകീയതകള്‍ക്കും ശേഷമാണ് സിനിമയുടെ പേസ് മാറുന്നത്, അത് കൊണ്ട് അത് സിനിമയുടെ വിജയത്തെ ബാധിക്കില്ല. ഒരു നല്ല കഥ കണ്ടു കഴിഞ്ഞാല്‍, അതിന്റെ അവസാനം കുറച്ചു മോശമാണെങ്കില്‍ പോലും, നാമത് ഓര്‍ക്കും. അത് വരെയുള്ള നരേഷന് ആസ്വദിക്കും. ഈ സിനിമയ്ക്കു അങ്ങനെ ഒരു ക്വാളിറ്റി ഉണ്ട്’
അത് ശരിയായിരുന്നു. അവസാന മിനുറ്റുകളുടെ കുറവെല്ലാം മറി കടന്നു സിനിമ വിജയിച്ചു. മലയാളം ഉള്‍പ്പെടെ മറ്റു പല ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യപ്പെട്ടു. ഇപ്പോഴിതാ, പുതിയ കാലത്തിന്റെ ഏടുകളിലേക്കും എത്തുന്നു മഗിലേര്‍ മട്ടും.