സാദത്ത് ഹസന് മന്തോയുടെ ജീവിതം ആധാരമാക്കി നന്ദിത ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. നായക കഥാപാത്രമായ ഇന്തോ – പാകിസ്താനി എഴുത്തുകാരന് മന്തോയായി വേഷമിടുന്ന നവാസുദ്ദീന്‍ സിദ്ദിക്കി ട്വിറ്റെറില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
കോളേജ് പഠനകാലത്ത് വായിച്ച മന്തോയുടെ പുസ്തകങ്ങള്‍ തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും ആദ്യ ചിത്രമായ ഫിരാക്ക് ആലോചനയില്‍ വരും മുന്‍പ് തന്നെ മന്തോയുടെ കഥകള്‍ ആസ്പദമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും നന്ദിത പറയുന്നു.
ദക്ഷിണേഷ്യയിലെ മികച്ച കഥാകൃത്തുക്കളില്‍ ഒരാളായ മന്തോ വിഭജനത്തിനു മുന്‍പും പിന്‍പുമുള്ള ഇന്തോ-പാക് സമൂഹങ്ങളുടെ ആകുലതകള്‍ തുറന്നു കാട്ടി കഥകളും റേഡിയോ നാടകങ്ങളുമെഴുതി. അത് കൂടാതെ വിക്ടര്‍ യൂഗോ, ഓസ്കാര്‍ വൈല്‍ഡ്, ചെക്കോവ്, ഗോര്‍ക്കി എന്നിവരുടെ കൃതികള്‍ ഉര്‍ദുവിലേക്ക് പരിഭാഷയും നടത്തി. അകാലത്തെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകളെ നിര്‍ഭയം നേരിട്ട് കൊണ്ടായിരുന്നു മന്തോയുടെ എഴുത്ത്. അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്യാന്തരം പാകിസ്ഥാനിലും മൂന്ന് തവണ വീതം വിചാരണക്ക് വിധേയനായി. എന്നാല്‍ ഒരു തവണ പോലും ശിക്ഷിക്കപ്പെട്ടില്ല.
രസിക ദുഗ്ഗലാണ് മന്തോയോടെ ഭാര്യ സാഫിയയായി വേഷമിടുന്നത്. ശബാന ആസ്മി മുന്‍ കാല നടി ജദ്ദന് ഭായിയായി എത്തുന്നു എന്നതും ഈ സിനിമയുടെ സവിശേഷതയാണ്.
നടി നര്‍ഗീസിന്റെ അമ്മയും സഞ്ജയ് ദത്തിന്റെ അമ്മൂമ്മയുമായ ജദ്ദന് ഭായി, ഗായികയും സംഗീത വിദുഷിയുമായിരുന്നു. മന്തോയുമായി അടുത്ത പരിചയം പുലര്‍ത്തിയിരുന്ന അവര്‍ കാലത്തിനു മുന്‍പേ നടന്ന അതീവ ധൈര്യശാലി ആയിരുന്നുവെന്ന് ചരിത്രം.
ഗായിക വേഷം ചെയ്യുനത് കൊണ്ട് ഇതില്‍ ശബാന ആസ്മി സ്വന്തം ശബ്ദത്തില്‍ പാടാനും തയ്യാറെടുക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.