കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പ്രതിഷേധത്തിന് കാരണം. നിലവില്‍ ഏറ്റുമാനൂര്‍ സീറ്റ് പി.ജെ. ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുന്നത്.

Read More: ഐ ഫോൺ: കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാന കാരണം. ഇന്ന് പി. ജെ. ജോസഫുമായി ഫോണ്‍ മുഖാന്തിരം നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ചര്‍ച്ചകള്‍ നീളുമ്പോഴും തര്‍ക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കള്‍ പറയുന്നു.

ജോസഫിന് മുന്നിൽ നട്ടെല്ല് വളക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം ബിജെപിയെ ജയിപ്പിക്കാനാണെന്നായിരുന്നു യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗത്തിന്റെ ആരോപണം.

ചങ്ങനാശേരിയും ഏറ്റുമാനൂരും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും എല്ലാം ജോസഫ് വിഭാഗം ശക്തമായ അവകാശ വാദം ഉന്നയിച്ചതോടെയാണ് യുഡിഎഫിനുള്ളില്‍ കലഹം ആരംഭിച്ചത്. ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ കോട്ടയത്ത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു.

എന്നാല്‍ ജോസഫ് വിഭാഗത്തിന്‍റെ കടുംപിടുത്തം ഈ സാധ്യതകളെ തല്ലി കെടുത്തിയതോടെയാണ് യുഡിഎഫില്‍ പരസ്യപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തന്നെയാണ് ആദ്യവെടി പൊട്ടിച്ചിരിക്കുന്നത്. ജോസഫ് വിഭാഗത്തിന് ജില്ലയിൽ ഒരു സീറ്റൊഴികെ മറ്റൊന്നിലും ജയസാധ്യതയില്ലെന്നും നേതൃത്വം നട്ടെല്ല് വളയ്ക്കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതികരണം. ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് കൊടുത്താൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ഇവർ പറയുന്നു. തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി യൂത്ത് ഫ്രണ്ടും ജോസഫ് വിഭാഗവും രംഗത്ത് വരികയായിരുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.