ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ തോല്‍ക്കുമെന്നും ജനങ്ങള്‍ കഴിവുളള സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്നും മോദി പറഞ്ഞു.
‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ന്നടിയും. കാരണം ജനങ്ങള്‍ക്ക് വേണ്ടത് ആത്മാര്‍ത്ഥതയും കഴിവും ഉളള സര്‍ക്കാരിനെ ആണ്. അവര്‍ക്ക് മാത്രമാണ് ജനങ്ങള്‍ വോട്ട് ചെയ്യുക,’ മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്പി-ബിഎസ്പി സഖ്യത്തേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. യുപിയില്‍ അഖിലേഷ് യാദവും മായാവതിയും മുഖ്യമന്ത്രിമാരായി ഇരുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നെന്നും എന്നാല്‍ തനിക്ക് മേൽ യാതൊരു അഴിമതിക്കറ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആല്‍വാര്‍ കൂട്ട ബലാത്സംഗ സംഭവത്തില്‍ മായാവതി മുതലക്കണ്ണീരാണ് ഒഴുക്കുന്നതെന്നും മോദി പറഞ്ഞു. ‘നിങ്ങള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായാണ് നില്ക്കുന്നതെങ്കില് എന്തുകൊണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുന്നില്ല. ദലിത് സ്ത്രീ ഉള്‍പ്പട്ടെ കേസ് കോണ്‍ഗ്രസ് സര്‍ക്കാർ മറച്ച് വയ്ക്കുകയാണ്,’ മോദി ആരോപിച്ചു.
കശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച നടന്ന സൈനിക നീക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഭീകരരെ വെടിവയ്ക്കും മുമ്പ് നമ്മുടെ സൈന്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങുമോ? എന്ത് നാടകമാണ് പ്രതിപക്ഷം കളിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭീകരര്‍ക്ക് നേരെ സൈന്യം വെടിവയ്ക്കരുതെന്നാണ് പ്രതിപക്ഷം പറയുന്നത്,’ മോദി പറഞ്ഞു.