ഗാസിയാബാദ്: ജനങ്ങളെ കൈവീശിക്കാണിച്ച്, സെല്‍ഫിയെടുക്കാന്‍ കൂടെ നിന്ന് ഗാസിയാബാദിലെ റോഡ്‌ഷോയില്‍ താരമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി വി.കെ സിങിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോളി ശര്‍മയ്ക്കായാണ് പ്രിയങ്ക റോഡ് ഷോയില്‍ പങ്കെടുത്തത്.

‘വോട്ട് ചെയ്യുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. അധികാരത്തിലുള്ളവര്‍ മറന്നു നിങ്ങളാണ് അവര്‍ക്ക് അധികാരം നല്‍കിയത് എന്ന്,’ പ്രിയങ്ക പറഞ്ഞു.

ഗാന്ധി കുടുംബത്തിനെതിര രാജ്യത്തൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് പ്രിയങ്ക മറുപടി പറഞ്ഞത്.

നെഹ്റുവും ഇന്ദിരാ ഗാന്ധിയും എന്തു ചെയ്തു എന്ന് അന്വേഷിക്കാതെ അഞ്ചു കൊല്ലം താന്‍ എന്തു ചെയ്തുവെന്ന് മോദി പറയട്ടെയെന്ന് പ്രിയങ്ക തിരിച്ചടിച്ചു.

‘അദ്ദേഹം എപ്പോഴും പറയുന്നു നെഹ്‌റു അത് ചെയ്തു, ഇന്ദിര ഇതു ചെയ്തു എന്ന്. ഏയ് മോദി ജി, കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്തു ചെയ്‌തെന്നു പറയൂ?,’ പ്രിയങ്ക ചോദിച്ചു.

സ്ഥാനാര്‍ത്ഥി ഡോളി ശര്‍മയ്‌ക്കൊപ്പം ഗാസിയാബാദിലെ ഗണ്ടഖറിലറില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റി അംബേദ്കര്‍ റോഡ് വരെ തുറന്ന വാഹനത്തില്‍ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തും ഫോണ്‍ വാങ്ങി സെല്‍ഫി എടുത്തു നല്‍കിയും പ്രിയങ്ക റോഡ് ഷോ ജനകീയമാക്കി.

തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്നു ലോകം ചുറ്റുകയാണ് മോദി എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

‘അദ്ദേഹം ജപ്പാനില്‍ പോയി കെട്ടിപ്പിടിച്ചു. യുഎസില്‍ പോയി കെട്ടിപ്പിടിച്ചു. പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ചു. ചൈനയില്‍ പോയി കെട്ടിപ്പിടിച്ചു. പക്ഷെ നിങ്ങള്‍ എപ്പോഴെങ്കിലും വാരണാസിയിലെ ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടിട്ടുണ്ടോ?’ പ്രിയങ്ക ആഞ്ഞടിച്ചു.

വാരാണസിലേക്ക് ഗംഗ വഴി ബോട്ടിലും അമേഠിയില്‍ നിന്ന് അയോധ്യയിലേക്ക് റോഡ് മാര്‍ഗവും യാത്ര നടത്തിയെങ്കിലും ഇത്രയും നീണ്ട റോഡ് ഷോ ഇതാദ്യമായാണ്. കോണ്‍ഗ്രസില്‍ പ്രചാരണത്തിന്റെ നേതൃത്വം പ്രിയങ്ക കൂടി ഏറ്റെടുക്കുകയാണ്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.