Lok Sabha Election 2019 Result Latest Updates: ന്യൂഡല്‍ഹി: ശക്തിദുര്‍ഗങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞ് സിപിഎം. രാജ്യത്ത് സിപിഎം ഏറ്റവും മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടിരുന്ന കേരളത്തില്‍ കോണ്‍ഗ്രസിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ സിപിഎം ബംഗാളില്‍ പൂര്‍ണമായും ഇല്ലാതായ അവസ്ഥയാണ്. ഒരു സീറ്റ് പോലും ബംഗാളില്‍ നിന്ന് നേടാന്‍ സാധിക്കാത്ത വിധം തോല്‍വി വഴങ്ങിയിരിക്കുകയാണ് സിപിഎം.

Read More: ’ഇന്ത്യ വീണ്ടും ജയിച്ചു’; ബിജെപി മുന്നേറ്റത്തില്‍ മോദിയുടെ പ്രതികരണം

ബംഗാളില്‍ ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിന് സാധിച്ചില്ല. 1977 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ബംഗാളില്‍ ഇത്രയും മോശം പ്രകടനം സിപിഎം ഇതുവരെ കാഴ്ചവച്ചിട്ടില്ല എന്ന് വേണം പറയാന്‍. 2011 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം പിന്നീടിങ്ങോട്ട് തിരിച്ചുവരാന്‍ സിപിഎമ്മിന് ബംഗാളില്‍ സാധിച്ചിട്ടില്ല. ഇത്തവണ ബിജെപി ഇടത് വോട്ടുകളിലേക്ക് വേരിറക്കി. മത്സരം പലയിടത്തും തൃണമൂലും ബിജെപിയും തമ്മിലായി. സിപിഎം ചിത്രത്തിലേ ഇല്ലാത്ത അവസ്ഥ. ഒരിടത്തും സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥ. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടി സിപിഎം ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ അതും നഷ്ടപ്പെട്ടിരിക്കുകയാണ്. 2014 ല്‍ 34 ശതമാനം വോട്ടുണ്ടായിരുന്ന ഇടത് പാര്‍ട്ടിക്ക് ഇത്തവണ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അവകാശമായുള്ളത് ഏഴ് ശതമാനം വോട്ട് മാത്രം.

Read More: 19 മണ്ഡലങ്ങളിലും യുഡിഎഫ്, ഒന്നിലൊതുങ്ങി എല്‍ഡിഎഫ്

കേരളത്തില്‍ വോട്ട് ശതമാനത്തില്‍ വലിയ തോതില്‍ ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും സീറ്റുകളെല്ലാം നഷ്ടമായിരിക്കുകയാണ്. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പല സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ തോറ്റിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും വിജയപ്രതീക്ഷയുണ്ടായിരുന്ന കാസർകോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ സീറ്റുകളില്‍ പോലും കനത്ത പരാജയമാണ് സിപിഎം നേരിട്ടത്. 19 സീറ്റുകളില്‍ യുഡിഎഫ് വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ഥി വിജയത്തിലേക്ക് കുതിക്കുന്നത്. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിന്റെ എ.എം.ആരിഫ് മാത്രമാണ് വിജയത്തിലേക്ക് കുതിക്കുന്നത്. കേരളത്തിലെവിടെയും യുഡിഎഫ് സ്ഥാനാർഥികൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ സിപിഎം, സിപിഐ സ്ഥാനാർഥികൾക്ക് സാധിച്ചില്ല എന്നതും തിരിച്ചടിയാണ്.

 

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.