കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിൽ സംഘർഷ സാഹചര്യത്തിലും റെക്കോർഡ് പോളിങ്. സംസ്ഥാനത്ത് 76.14 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അതിനിടെ, കുച്ച് ബിഹാർ ജില്ലയിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ അഞ്ചുപേർ വെടിയേറ്റു മരിച്ചു. ഇതിനെത്തുടർന്ന് അക്രമമുണ്ടായ പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പ് നിർത്തിവച്ചിരുന്നു.
അടുത്ത 72 മണിക്കൂർ കൂച്ച് ബിഹാറിലേക്ക് രാഷ്ട്രീയക്കാർ പ്രവേശിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. രാഷ്ട്രീയക്കാർ പ്രവേശിക്കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കമ്മീഷൻ പറഞ്ഞു.
കൂച്ച് ബിഹാറിലെ സിതാൽകുചിയിലെ പത്തൻതുളിയിലുണ്ടായ ആദ്യ സംഭവത്തിൽ ആനന്ദ് ബർമൻ എന്ന പതിനെട്ടുകാരനാണു കൊല്ലപ്പെട്ടത്. വോട്ട് ചെയ്യുന്നതിനു പോളിങ് ബൂത്തിനുപുറത്ത് വരിയിൽനിൽക്കുകയായിരുന്ന ബർമനുനേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെത്തുർടന്ന് പ്രദേശത്ത് തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. അക്രത്തിന്റെ ഉത്തരവാദിത്തം ബിജെപിയും ടിഎംസിയും പരസ്പരം ആരോപിച്ചു.
സിതാൽകുചി മണ്ഡലത്തിലെ ജോർപത്കിയിൽ കേന്ദ്രസേന നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ജനക്കൂട്ടത്തിൽനിന്ന് ആക്രമണമുണ്ടായതോടെ സിഐഎസ്എഫ് ജവാന്മാർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാലുപേർ മരിക്കുകയും നാലു പേർക്കു പരുക്കേൽക്കുകയും ചെയ്തു.
അക്രമികൾ സുരക്ഷാസേനയുടെ “റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചു” വെന്ന് പൊലീസ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുന്നതറിഞ്ഞ് പെട്ടെന്ന് എത്തിയതായിരുന്നു സിഐഎസ്എഫ് ജവാന്മാർ. ഇരുന്നൂറിലേറെ വരുന്ന ആളുകൾ പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട അഞ്ചുപേരും തങ്ങളുടെ പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു.
സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചു. സംഭവസമയത്ത് സിലുഗിരിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സംഘർഷമുണ്ടായ സിതാൽകുചി ജോർപത്കിയിലെ 126-ാം നമ്പർ ബൂത്തിലെ പോളിങ് തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിവച്ചു. സംഘർഷ സ്ഥലങ്ങൾ മുഖ്യന്ത്രി മമത ബാനർജി നാളെ സന്ദർശിക്കും.
ദക്ഷിണ ബംഗാളിലെ ഹൗറ, സൗത്ത് 24 പര്‍ഗാന, ഹൂഗ്ലി, ഉത്തര ബംഗാളിലെ അലിപുര്‍ദ്വാര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗത്ത് 24 പര്‍ഗാനാസിലെ പതിനൊന്നും ഹൂഗ്ലിയിലെ പത്തും ഹൗറയിലെയും കുച്ച്ബിഹാറിലെയും ഒമ്പതു വീതവും അഞ്ച് അലിപുര്‍ദ്വാറിലെ അഞ്ചും മണ്ഡലങ്ങളിലേക്കാണു പോളിങ്.
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, അരൂപ് ബിശ്വാസ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തുടങ്ങിയവർ ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖരാണ്. ഇവര്‍ ഉള്‍പ്പെടെ 373 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ മത്സരിക്കുന്നത്. 1,15,81,022 വോട്ടര്‍മാരാണു നാലാംഘട്ട വോട്ടെടുപ്പിലുള്ളത്. ഇതില്‍ 58,82,514 പേര്‍ പുരുഷന്മാരും 56,98,218 പേര്‍ സ്ത്രീകളും 290 പേര്‍ ഉഭയലിംഗക്കാരുമാണ്.
Also Read: രാജ്യസഭാ തിരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളിൽനിന്നു മാത്രമേ നടത്തൂയെന്ന് കമ്മിഷൻ
ബംഗാളില്‍ എട്ടു ഘട്ടമായാണു പോളിങ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും 80 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 30 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 84.3 ശതമാനമായിരുന്നു പോളിങ്. രണ്ടാം ഘട്ടത്തില്‍ 80.43 ശതമാനവും അഞ്ചിനു നടന്ന മൂന്നാംഘട്ടത്തില്‍ വൈകീട്ട് അഞ്ചോടെ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ബംഗാളില്‍ തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. ഇടത്-കോണ്‍ഗ്രസ് സംയുക്ത മുന്നണിയിലെ ഐഎസ്എഫിന് ഈ മേഖലയിലുള്ള സ്വാധീനമാണ് കടുത്ത മത്സരത്തിനു വഴിയൊരുക്കുക. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റമുട്ടിയ നന്ദിഗ്രാമില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു.
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ആറിനു പൂര്‍ത്തിയായിരുന്നു. അസമില്‍ നാലു ഘട്ടമായും മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായുമാണ് പോളിങ് നടന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.