പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബിജെപിയിൽ നിന്ന് കടുത്ത മത്സരം നേരിടുന്നതിനാൽ ഇടതു പാർട്ടികളിലേക്ക് പോകാൻ സാധ്യതയുള്ള വോട്ടുകളും ലക്ഷ്യമിട്ട് മുഖ്യമന്ത്രി മമത ബാനർജി.
തൃണമൂലിന് ലഭിക്കേണ്ട വോട്ടുകൾ സംസ്ഥാനത്തെ കോൺഗ്രസ്-ഇടത്-ഐഎസ്എഫ് സഖ്യത്തിന് നേടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂലിന് വോട്ട് ചെയ്യുക എന്നാണ് മമത ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിലേക്കുള്ള തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പ്രകാശനം ചെയ്യവേ ഇടത് വോട്ടുകൾ കൂടി ലക്ഷ്യമിട്ട മമത ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂലിന് വോട്ട് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു.
“ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ദയവായി ഞങ്ങൾക്ക് വോട്ട് ചെയ്യുക. ഇടതുപക്ഷത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ വോട്ട് പാഴാക്കരുത്,” അവർ പറഞ്ഞു. ബിജെപി ക്യാംപിനെ വിമർശിച്ച സിപിഐ എം (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയെ മമത പ്രശംസിക്കുകയും ചെയ്തു.
Read More:തൃണമൂലിന്റേത് പ്രീണന രാഷ്ട്രീയമെന്ന് മോദി; ബിജെപി കലാപകാരികളുടെ പാർട്ടിയെന്ന് മമത
“കോൺഗ്രസ്-ഇടത്-ഐഎസ്‌എഫിന്റെ സഖ്യം സീറ്റുകൾ നേടിയേക്കില്ല, പക്ഷേ അവർ തീർച്ചയായും തൃണമൂലിന്റെ വോട്ട് വിഹിതം കുറയ്ക്കും. അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫ് ചിത്രത്തിലേക്ക് വരുന്നതോടെ മുസ്ലീം വോട്ട്ബാങ്ക് പിളരുകയും അതുവഴി വിജയം ബിജെപിക്ക് ഗുണം ലഭിക്കുകയും ചെയ്യാം. ഇക്കാരണത്താലാണ് നിങ്ങളുടെ വോട്ടുകൾ ആത്യന്തികമായി വിഭജിക്കരുതെന്ന് ഞങ്ങൾ ഇടതുപാർട്ടികളെ പിന്തുണയ്ക്കുന്നവരോട് ആവശ്യപ്പെടുന്നത്, ബിജെപിക്കാവും അതിന്റെ ഗുണം. ഞങ്ങൾക്ക് മാത്രമേ ബിജെപിയെ തടയാൻ കഴിയൂ,”പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞു.
2011 ൽ അധികാരത്തിൽ വന്നതിനുശേഷം ടിഎംസിക്ക് കാര്യമായ ഭീഷണി ഉയർത്താൻ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കിലും, സിപിഎമ്മിന്റെ വലിയൊരു വിഭാഗം വോട്ടർമാർ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ക്യാംപിലേക്ക് ചുവടു മാറ്റുകയും അതുവഴി ബിജെപിയെ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 ലും വിജയിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. “മമത ബാനർജിയും അവരുടെ പാർട്ടിയുടെ നേതാക്കളും നടത്തിയ പ്രസ്താവനകൾക്ക് ആരും പ്രാധാന്യം നൽകുന്നില്ല. ജനങ്ങളോട് ഞങ്ങൾക്ക് വോട്ട് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്, കാരണം ബിജെപിയും ടിഎംസിയും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല, പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് മാത്രമേ കഴിയൂ, ”പൊളിറ്റ് ബ്യൂറോ അംഗം എംഡി സലിം പറഞ്ഞു.
Read More:‘സീറ്റെല്ലാം തൃണമൂൽ വിട്ട് വന്നവർക്ക് കൊടുത്തു’; ബംഗാളിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
അതേസമയം, ബിജെപിക്കെതിരെ പ്രചാരണത്തിനായി നിരവധി സംഘടനകൾ കൊൽക്കത്തയിലെത്തി. ഈ സംഘടനകൾ പറയുന്നത് കുങ്കുമ പാർട്ടിയുടെ വിഭജന രാഷ്ട്രീയത്തെക്കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് അവരുടെ പ്രധാന അജണ്ടയെന്ന് “ബിജെപിക്ക് വോട്ടില്ല” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെത്തിയ സംഘടനകൾ വ്യക്തമാക്കി. എന്നിരുന്നാലും, ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് അവർ പറയുന്നില്ല. ബിജെപി ക്യാംപിലുള്ളവരെ തിരഞ്ഞെടുക്കാതെ അതത് മണ്ഡലങ്ങളിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ആളുകളോട് സംഘടനകൾ ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ഈ സംഘടനകൾ ആത്യന്തികമായി ടിഎംസിയെ സഹായിക്കുമെന്ന് സിപിഎം നേതാക്കൾ വിശ്വസിക്കുന്നു.”2011 ലും ഇത്തരം സംഘടനകൾ മമത ബാനർജിയെ സഹായിച്ചിരുന്നു. ആളുകളെ കബളിപ്പിക്കാൻ മമത അവയെ ഉപയോഗിക്കുന്നു. ഇത്തരം പ്രചാരണങ്ങളിൽ പെടരുതെന്ന് ഞാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു,” മുതിർന്ന സിപിഎം നേതാവ് പറഞ്ഞു.