കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുളള തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. ഇത്തവണ നന്ദിഗ്രാമിൽനിന്നായിരിക്കും താൻ ജനവിധി തേടുകയെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഇതോടെ നന്ദിഗ്രാമിൽ മമതയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് സുവേന്ദു അധികാരി ബിജെപി സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
നന്ദിഗ്രാമിലെ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേർന്നത്. തുടർന്ന് നന്ദിഗ്രാമിൽ മത്സരിക്കാൻ മമതയെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെയാണ് താൻ സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍നിന്നും മാറി നന്ദിഗ്രാമിൽ മത്സരിക്കാൻ മമത തീരുമാനിച്ചതെന്നാണ് സൂചന.
”50 വനിതകളും 42 മുസ്ലിം സ്ഥാനാർഥികളുമടക്കം 291 പേരുടെ പട്ടികയാണ് പുറത്തിറക്കുന്നത്. നോർത്ത് ബംഗാളിലെ മൂന്നു സീറ്റുകളിൽ ഞങ്ങളുടെ സ്ഥാനാർഥികൾ മത്സരിക്കില്ല. ഞാൻ നന്ദിഗ്രാമിൽനിന്നും മത്സരിക്കും,” മമത പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഭവാനിപൂർ മണ്ഡലത്തിൽ സോവന്ദേബ് ചട്ടോപാധ്യായയാണ് സ്ഥാനാർഥിയെന്നും മമത പറഞ്ഞു.
Read More: മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടില്ല, എന്നെ മുന്നിൽ നിർത്തും: ഇ. ശ്രീധരന്
294 സീറ്റുകളിൽ 291 ൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും. ബാക്കി മൂന്നെണ്ണം സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്തു. കലാ കായികരംഗത്തുനിന്നടക്കം അർഹതപ്പെട്ടവർക്കാണ് ഇത്തവണ പാർട്ടി സീറ്റ് നൽകിയതെന്നും മമത അഭിപ്രായപ്പെട്ടു. ബംഗാളിലെ ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു. ”എന്നിൽ വിശ്വാസം വയ്ക്കൂ, ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഇനിയും ഉയരങ്ങളിൽ എത്തിക്കും,” മമത പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായാണു വോട്ടെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നിങ്ങനെയാണു പോളിങ് തീയതികള്‍. വോട്ടെണ്ണല്‍ മേയ് രണ്ടിന്.