കൊൽക്കത്ത: അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ പോളിങ് അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീന്റെ 5 മണി വരെയുള്ള കണക്കനുസരിച്ച് 76.07% ശതമാനത്തിന്റെ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി .
അതേസമയം ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. കൊല്‍ക്കത്തയിലെ മഹാജാതി സദന്‍ ഓഡിറ്റോറിയത്തിന് സമീപം ബോംബേറുണ്ടായി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 641 കമ്പനി കേന്ദ്രസേനയെയാണ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിന്യസിച്ചിട്ടുള്ളത്.
പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളായി അരങ്ങേറിയ നിയമസഭ തിരഞ്ഞെടുപ്പിന് ഇന്ന് തിരശീല വീഴുകയാണ്. 35 മണ്ഡലങ്ങളിലേക്കായി നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ 285 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബംഗാളിലെ അവസാനവട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും അവസാനിക്കും.
മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത് കൊല്‍ക്കത്ത തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുപ്പ്. 84 ലക്ഷത്തോളം സമ്മതിദായകര്‍ 11,860 പോളിങ് ബൂത്തുകളിലാണ് വോട്ട് ചെയ്യുക. സംയുക്ത മോര്‍ച്ചയ്ക്ക് ശക്തമായ വേരുകളുള്ള മുര്‍ഷിദാബാദ് മേഖലയിലെ 17 സീറ്റുകളില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.
Read More: കോവിഡ്: വോട്ടെണ്ണൽ ദിനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന രണ്ട് തിരഞ്ഞെടുപ്പും ഇത്തരത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു. തിരഞ്ഞെടുപ്പ് റാലികൾക്ക് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ അധികാരം പിടിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. ഒരു ഘട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായിരുന്ന ഇടതുപക്ഷം കോൺഗ്രസിനൊപ്പം ചേർന്ന് അധികാരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്.