കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ അഞ്ചുമണി വരെ 79.09 ശതമാനം പോളിങ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും ഏതാനും അക്രമസംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, കോവിഡ് രോഗബാധകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പൊതു ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. ഒപ്പം വീടു കയറിയിറങ്ങിയിട്ടുള്ള പ്രചാരണത്തിനും വിലക്കുണ്ടാവും. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മാത്രമായി പ്രചാരണം നടത്തേണ്ടി വരും.
കോവിഡ് സാഹചര്യം രൂക്ഷമാകുമ്പോള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് പി ചിദംബരമാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി എത്തിയത്. “കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാതെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തത് ഞെട്ടിക്കുന്ന കാര്യമാണ്,” ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡാര്‍ജിലിങ്, കലിംപോങ്, ജല്‍പായ്‌ഗുഡി, നാദിയ, കിഴക്കന്‍ ബര്‍ദ്ധമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളിലെ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. നാദിയ, 24 നോര്‍ത്ത് പര്‍ഗാനാസ് എന്നീ ജില്ലകളിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നാലാംഘട്ട വോട്ടെടുപ്പിനിടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 853 കമ്പനി സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. നാലാംഘട്ട വോട്ടെടുപ്പിനിടെ കൂഛ്ബിഹാറിലെ സീതാകുള്‍ചിയില്‍ കേന്ദ്രസേനയുടെ വെടിവെപ്പില്‍ കൂഛ്ബിഹാറില്‍ നാല് പേരും മറ്റൊരു സംഭവത്തില്‍ പതിനെട്ടുകാരനുമാണ് കൊല്ലപ്പെട്ടത്.
Also Read: ദുംക ട്രഷറി കേസിൽ ജാമ്യം; ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായേക്കും
45 മണ്ഡലങ്ങളിലായി 342 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. നോര്‍ത്ത് 24 പര്‍ഗാനാസ്-16, കിഴക്കന്‍ ബര്‍ദ്ധമാന്‍, നാദിയ-എട്ടു വീതം, ജല്‍പായ്ഗുഡി-ഏഴ്, ഡാര്‍ജലിങ്-അഞ്ച്, കലിംപോങ്-ഒന്ന് എന്നിങ്ങനെയാണു വിവിധ ജില്ലകളിലെ മണ്ഡലങ്ങളുടെ എണ്ണം. ഒരു കോടിയിലേറെയാണു വോട്ടര്‍മാരും 15,789 പോളിങ് ബൂത്തുകളുമാണുള്ളത്. ഇത്തവണ നിശബ്ദ പ്രചാരണം 72 മണിക്കൂറായതിനാല്‍ ബുധനാഴ്ച തന്നെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു.
എട്ടു ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇനി 22, 26, 29 തിയതകളിലെ മൂന്നു ഘട്ടങ്ങളാണു നടക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തേത് ഉള്‍പ്പെടെയുള്ള നാലു ഘട്ടങ്ങളും ഒരുമിച്ച് നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ബിജെപി എതിര്‍ക്കുകയായിരുന്നു.