West Bengal, Assam, Kerala, Tamil Nadu Election Results 2021: ന്യൂഡല്‍ഹി: കേരളത്തിനൊപ്പം തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള ജനവിധിയുടെ ഫലവും നാളെ അറിയാം. തമിഴ്‌നാട്ടില്‍ ഡിഎംകെ സംഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്നും പുതുച്ചേരി ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം പിടിച്ചെടുക്കുമെന്നും അസം ബിജെപിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നുമാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
മൂന്നാം വട്ടവും അധികാരം നിലനിര്‍ത്താന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബിജെപിയും പോരാട്ടം കടുപ്പിച്ചതോടെ രാജ്യം ഉറ്റുനോക്കുകയാണ് പശ്ചിമബംഗാളിലേക്ക്. 294 സീറ്റുള്ള ബംഗാള്‍ നിയമസഭയിലേക്ക് ഇത്തവണ എട്ടു ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്.

തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ആദ്യമായി 2011ല്‍ അധികാരത്തിലെത്തിയത്
West Bengal Election Results 2021: മൂന്നാം വട്ടവും അധികാരം നിലനിര്‍ത്തു മമത?
നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങള്‍ അലയടിച്ച 2011ലെ തിരഞ്ഞെടുപ്പില്‍, 30 വര്‍ഷം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാരിനെ തൂത്തെറിഞ്ഞു കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് നേട്ടം 211 ആയി ഉയര്‍ത്തിയാണ് തൃണമൂല്‍ ഭരണം നിലനിര്‍ത്തിയത്. പരസ്പര ധാരണയില്‍ മത്സരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് 44 സീറ്റുമായി നേട്ടമുണ്ടാക്കിയപ്പോള്‍ ഇടതു മുണന്നി 33 സീറ്റില്‍ ഒതുങ്ങി. ഇത്തവണ സിപിഎമ്മും കോണ്‍ഗ്രസും മുണണിയായാണു മത്സരിക്കുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റായിരുന്നു ബിജെപിയുടെ സമ്പാദ്യം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് വിഹിതവുമായി 18 സീറ്റില്‍ ബിജെപി വിജയം കണ്ടു. സംസ്ഥാനത്തെ 22 ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 121 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്കാണു ഭൂരിപക്ഷം. 22 പേരെ ലോക്സഭയിലേക്കയച്ച തൃണമൂല്‍ കോണ്‍ഗ്രസിനു 161 നിയസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ട്.
സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിരവധി മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരുമാണ് സമീപകാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. വലിയ ജനസ്വാധീനമുള്ള നേതാവായ സുവേന്ദു അധികാരി നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥിയായപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലം വിട്ട് പോരാട്ടം അങ്ങോട്ട് മാറ്റി.
Read in IE: West Bengal Assembly polls: Will Mamata survive BJP scare? All eyes on May 2

Tamil Nadu Assembly Election Results 2021: തമിഴകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
ജെ ജയലളിത, എം കരുണാനിധി എന്നീ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരുടെ നിര്യാണത്തിനു ശേഷം തമിഴകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴ്‌നാട്ടില്‍. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ-ബിജെപി സഖ്യവും എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു സംഖ്യവും തമ്മിലാണു പ്രധാന പോരാട്ടം. ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ എഐഎഡിഎംകെയില്‍ നിന്നു പിളര്‍ന്നശേഷം രൂപപ്പെട്ട അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ), നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം എന്നിവയും നിര്‍ണായക സ്വാധീനമാവാന്‍ മത്സരരംഗത്തുണ്ട്. 234 അംഗ നിയമസഭയിലേക്കു 4274 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ഒറ്റ ഘട്ടമായി ഏപ്രില്‍ ആറിനാണു വോട്ടെടുപ്പ് നടന്നത്.
പുതുച്ചേരിയില്‍ 30 അംഗ നിയസഭയിലേക്ക് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യവും എന്‍ആര്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യവും തമ്മിലാണു പോരാട്ടം. വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമായതിനെത്തുടര്‍ന്ന് ഫെബ്രുവരി 22ന് വിശ്വാസവോട്ടെടുപ്പിനു മുന്‍പ് രാജിവച്ചതിനു തൊട്ടുപിന്നാലെയാണു പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ഡിഎംകെയുടെ ഒരു എംഎല്‍എയും രാജിവച്ചതോടെയാണു ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്.
2016ലെ തിരഞ്ഞെടുപ്പില്‍ 15 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്, രണ്ടു സീറ്റുള്ള ഡിഎംകെയുമായി ചേര്‍ന്നാണു സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിപക്ഷ സഖ്യത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസിനു എട്ടും എഐഎഡിഎംകെയ്ക്കു നാലും സീറ്റാണു ലഭിച്ചിരുന്നത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ 324 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്്. കേരളത്തോട് ചേര്‍ന്നുള്ള മാഹി മണ്ഡലം പുതുച്ചേരി നിയമസഭയുടെ ഭാഗമാണ്.
Read in IE: Tamil Nadu Assembly Election Results 2021: DMK hopes to return to power after a decade

Assam Assembly Election Results 2021: എന്‍ഡിഎയും യുപിഎയും തമ്മില്‍
126 സീറ്റുള്ള അസം നിയമസഭയിലേക്ക് മൂന്നു ഘട്ടമായാണു വോട്ടെടുപ്പ് നടന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയും തമ്മിലാണു പ്രധാന മത്സരം. 2001 മുതല്‍ അധികാരത്തിലുണ്ടായിരുന്ന തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനു 2016 ലെ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമാകുകയായിരുന്നു. 2016ല്‍ 86 സീറ്റോടെയാണു സര്‍ബാനന്ദ സോണോവാളിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
Read in IE: In Assam, BJP looks to create history by becoming the only non-Congress government to win consecutive terms