/indian-express-malayalam/media/media_files/uploads/2020/12/udf-welfare.jpg)
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമുണ്ടെന്ന് ആവർത്തിച്ച് വെൽഫയർ പാർട്ടി. "യുഡിഎഫുമായി പ്രാദേശികമായ സഖ്യമാണ് ഉണ്ടാക്കിയത്. വെല്‍ഫെയറുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണം ചെയ്യും," വെൽഫയർ പാർട്ടി അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്യാൻ സാധിക്കുമെന്ന് യുഡിഎഫും മുസ്‌ലിം ലീഗും അവകാശപ്പെടുന്നു. എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടതുഭരണത്തില്‍ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദുഃഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടിയെന്നും സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിടേണ്ടിവരുമെന്നും കെപിഎ മജീദും പറഞ്ഞു.
അതേസമയം, ഇടതുമുന്നണി വലിയ ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. എൽഡിഎഫ് സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധിയെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തെ രക്ഷിച്ച സർക്കാറിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 രൂപയാക്കിയ സർക്കാറിനല്ലാതെ അത് വീണ്ടും 600 ആക്കണമെന്ന് പറയുന്നവർക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്ന് കോടിയേരി ചോദിച്ചു. നല്ലത് ചെയ്‌ത സർക്കാരിനല്ലാതെ മറ്റാർക്കും ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധി. എൽഡിഎഫിന് അനുകൂലമായ തരംഗം ഈ തിരഞ്ഞെടുപ്പിലുണ്ടാകും. കേരളത്തിലെ 13 ജില്ലകളിൽ എൽഡിഎഫിന് ഇത്തവണ മുൻതൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലായിരുന്നു എൽഡിഎഫ് മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണെന്നും കോടിയേരി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.