മുംബൈ: മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ തങ്ങള്‍ സന്തുഷ്ടരായിരിക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. 2014 ലെ പോലെ ബിജെപി 280 സീറ്റുകളുമായി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സഞ്ജയ് റൗത്തിന്റെ പരാമർശം.

Read More: ബിജെപി വൻ പരാജയം ഏറ്റുവാങ്ങുമെന്ന് രാഹുൽ ഗാന്ധി

“തനിച്ച് 280 ഓളം സീറ്റ് നേടുക ബിജെപിക്ക് ഇത്തവണ ബുദ്ധിമുട്ടാണ്. റാം മാധവ് പറഞ്ഞത് ശരിയാണ്. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുക എന്‍ഡിഎ തന്നെയായിരിക്കും. ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി. 280-282 സീറ്റുകളിലേക്ക് എത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, എന്‍ഡിഎ കുടുംബം തന്നെ അധികാരത്തിലെത്തും” – ശിവസേന നേതാവ് പറഞ്ഞു.

റാം മാധവ് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു എന്ന് റൗത്ത് പ്രതികരിച്ചു. ശിവസേന എന്‍ഡിഎയുടെ ഭാഗമായിരിക്കും. മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ തങ്ങള്‍ സന്തുഷ്ടരായിരിക്കുമെന്നും സഞ്ജയ് റൗത്ത് കൂട്ടിച്ചേര്‍ത്തു.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. സഖ്യകക്ഷിയുടെ സഹായത്തോടെയാകും ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും റാം മാധവ് അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങൾ പൂർത്തിയായി. മെയ് 19 നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുക. മെയ് 23 ന് വോട്ടെണ്ണൽ നടക്കും. ബിജെപിക്ക് ഏറെ സ്വാധീനമുള്ള വടക്കേ ഇന്ത്യയിൽ ഇത്തവണ ശക്തമായ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം. ഇത് തിരഞ്ഞെടുപ്പിൽ പല സീറ്റുകളിലും തിരിച്ചടിയാകുമെന്നാണ് ബിജെപി തന്നെ വിലയിരുത്തുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് നേട്ടം കൊയ്യാമെന്നാണ് കോൺഗ്രസ് കണക്കുക്കൂട്ടൽ.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.