വയനാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ കേരള രാഷ്ട്രീയം ചൂടുപിടിക്കുന്നു. അങ്ങേയറ്റം ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വരവിനെ കാണുന്നത്. രാഹുല്‍ വയനാട്ടില്‍ നിന്ന് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ കഴിയും മുന്‍പേ ട്വിറ്ററില്‍ വയനാട് ട്രെന്‍ഡിംഗായി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. തെക്കേ ഇന്ത്യ തൂത്തുവാരാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

2009 ലും 2014 ലും കോണ്‍ഗ്രസ് മികച്ച വിജയം സ്വന്തമാക്കിയ മണ്ഡലമാണ് വയനാട്. മണ്ഡല രൂപീകരണത്തിന് ശേഷം 2009 ല്‍ നടന്ന ആദ്യ പാര്‍ലമെന്റെ തിരഞ്ഞെടുപ്പില്‍ 1,53,439 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് വയനാട്ടില്‍ നിന്ന് ജയിച്ചത്. എന്നാല്‍, 2014 ലേക്ക് എത്തിയപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എം.ഐ. ഷാനവാസ് തന്നെ രണ്ടാമതും വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 20,870 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2014 ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. സിപിഐയുടെ സത്യന്‍ മൊകേരിയായിരുന്നു 2014 ല്‍ എം.ഐ. ഷാനവാസിനെതിരെ മികച്ച പോരാട്ടം നടത്തിയത്. മൂന്നര ലക്ഷത്തോളം വോട്ടാണ് സത്യന്‍ മൊകേരി സ്വന്തമാക്കിയത്. ഈ മണ്ഡലത്തിലേക്കാണ് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായെത്തുന്നത്. അതേസമയം, 2016 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഇടതുപക്ഷത്തിന് കൂടുതല്‍ അനുകൂലമായി. വയനാട് മണ്ഡലത്തില്‍ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.

Read More: ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?

ഏറനാട്, വണ്ടൂര്‍, സുല്‍ത്താന്‍ ബത്തേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് യുഡിഎഫിന്റെ കയ്യിലുള്ളത്. മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. സുരക്ഷിത മണ്ഡലമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും 2009 ലെ യുഡിഎഫ് ആധിപത്യത്തെ ഒരുപരിധി വരെ ചെറുത്തുനില്‍ക്കാന്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ