തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്താകെ 140 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണല്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. വേഗതയേക്കാള്‍ കൃത്യതയ്ക്കാണ് പ്രാധാന്യം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു.

Read More: ജനവിധി കാത്ത് രാജ്യം; കേരളത്തില്‍ 140 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍

കേന്ദ്ര സേനയ്ക്കായിരിക്കും സുരക്ഷാ ചുമതല. കേരള പൊലീസിനെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല എന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റ് രസീതുകളിലെയും എണ്ണത്തില്‍ എന്തെങ്കിലും തര്‍ക്കം വന്നാല്‍ വിവിപാറ്റുകളുടെ എണ്ണമായിരിക്കും അന്തിമമായി കണക്കിലെടുക്കുക. ഇത് സ്ഥാനാര്‍ഥിക്ക് അംഗീകരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു. മോക്ക് പോളിങ് ഡാറ്റ നീക്കം ചെയ്യാത്ത ഇവിഎമ്മുകള്‍ അവസാനം മാത്രമേ എണ്ണൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ഇവിഎമ്മുകളിലാണ് മോക്ക് ഡാറ്റ നീക്കം ചെയ്യാതിരുന്നത്.

Read More: ഇടതുപക്ഷത്തിന് തിരിച്ചടി: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തില്‍ ഫലം അറിയാന്‍ പോകുന്നത്. ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കാന്‍ തുടങ്ങും.

Read more Election News Here

ഇത്തവണ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന് പുറമേ വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ടതുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ അന്തിമ ഫലം അറിയാന്‍ ഉച്ച കഴിയും. നാളെ ഉച്ചയോടെ തന്നെ ഏകദേശ ഫലസൂചനകള്‍ ലഭിക്കുമെങ്കിലും ഒദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.