കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും കേരളത്തില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. സംസ്ഥാനത്തെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകന്‍ ഒന്നിലേറെ തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണിത്. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറി എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും സിപിഎം ആരോപിച്ചു.

അഞ്ച് മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. അനസ്, മുബാഷിർ, സാദിഖ്, മർഷാദ്, മുസ്തഫ എന്നിവർ കള്ളവോട്ട് ചെയ്തതായാണ് സിപിഎം ആരോപിക്കുന്നത്.

കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകന് കളക്ടറുടെ നോട്ടീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ജില്ലാ വരാണാധികാരിയുടെ ഇടപെടലുണ്ടായതിന് പിന്നാലെയാണ് പുതിയ ആരോപണം സിപിഎം ഉന്നയിച്ചിരിക്കുന്നത്. കാസർകോട് കള്ളവോട്ട് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടരുകയാണ്. കള്ളവോട്ട് ആരോപണത്തിന് വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണ വിധേയനായ ലീഗ് പ്രവര്‍ത്തകന്‍ രണ്ടിടത്ത് വോട്ട് ചെയ്തതായി വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഏതെങ്കിലും ബൂത്ത് ഏജന്റ് പരാതി പറഞ്ഞിട്ടുണ്ടോ?: കള്ളവോട്ട് തള്ളി മന്ത്രി ഇ.പി.ജയരാജന്‍

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാത്തെ യുപി സ്‌കൂളിലെ 69,70 ബൂത്തുകളില്‍ മുഹമ്മദ് ഫായിസ് വോട്ടു ചെയ്തുവെന്നാണ് വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. ഇതില്‍ ആരോപണവിധേയന്റെ മൊഴി രേഖപ്പെടുത്താനാണ് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം 69-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മുഹമ്മദ് ഫായിസ് പിന്നീട് 70-ാം നമ്പര്‍ ബൂത്തില്‍ പ്രവേശിച്ചും വോട്ട് ചെയ്‌തെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു വ്യക്തമാക്കി.

Read More: ‘കള്ള വോട്ട്, ബൂത്ത് പിടിത്തം, അക്രമങ്ങള്‍, വോട്ട് മറിക്കല്‍’; ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികള്‍

കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ നടന്നത് കള്ളവോട്ടാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം ഉയർന്നിരിക്കുന്നത്. പിലാത്തറയിൽ എൽഡിഎഫിനെതിരെയായിരുന്നു ആരോപണമെങ്കിൽ ഇത്തവണ യുഡിഎഫ് പ്രതിരോധത്തിലായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook