ന്യൂഡല്‍ഹി: വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു. ഏപ്രില്‍ 18 നായിരുന്നു തമിഴ്‌നാട്ടിലെ മണ്ഡലമായ വെല്ലൂരില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഡിഎംകെ നേതാക്കളുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

 

ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് വലിയ തോതില്‍ പണം പിടികൂടിയത്. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഎംകെയിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിര്‍ ആനന്ദ്.

ദുരൈ മുരുകന്റെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിനെതിരെ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്.

Read More: അച്ഛന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍: പ്രകാശ് രാജിന്റെ മകള്‍ പൂജ സംസാരിക്കുന്നു

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.