തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് മാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടാണ് പുതിയ മലക്കം മറിച്ചില്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ ശക്തമായ നിലപാടുമായി രംഗത്തെത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് ഭാരവാഹിത്വം രാജിവയ്ക്കാതെ തുഷാറിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

Read More: നിലപാട് മാറ്റി വെളളാപ്പളളി നടേശന്‍: തുഷാറിനോടും ശരിദൂരമെന്ന് പ്രഖ്യാപനം

കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്ന് തവണയെങ്കിലും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഭാരവാഹിത്വം രാജിവയ്ക്കണമെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നായിരുന്നു ചൊവ്വാഴ്ചയും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല, തൃശൂരില്‍ തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് പോലും വെള്ളാപ്പള്ളി പരോക്ഷമായി പറഞ്ഞിരുന്നു.

Read More: എ.എം.ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെളളാപ്പളളി നടേശൻ

എന്നാല്‍, ഇന്ന് കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. തുഷാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് ഇങ്ങനെ: “തുഷാര്‍ മത്സരിക്കുന്നതില്‍ എതിരല്ല. എസ്എന്‍ഡിപി ഭാരവാഹി സ്ഥാനം രാജി വയ്ക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എസ്എന്‍ഡിപിക്ക് ആരോടും പ്രത്യേക താത്പര്യമോ താത്പര്യക്കുറവോ ഇല്ല. തുഷാറിനോടും എസ്എന്‍ഡിപിക്ക് ശരിദൂരമായിരിക്കും.”

ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥി എ.എം.ആരിഫുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി ആദ്യം പറഞ്ഞത്. എന്നാല്‍, തല മൊട്ടയടിക്കുമെന്നൊക്കെ ഒരു രസത്തിന് പറഞ്ഞതല്ലേ എന്നായിരുന്നു വെള്ളാപ്പള്ളി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ