ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് വെള്ളാപ്പള്ളി നടേശന് ഇക്കാര്യം പറഞ്ഞത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴയില്‍ കുടുംബസമേതം എത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി വോട്ട് ചെയ്തത്.
Read More: ‘അതെല്ലാം വ്യക്തിപരമായ അഭിപ്രായമല്ലേ?’; മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി
ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരീഫ് വിജയിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും വെള്ളാപ്പള്ളി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെയും ആലപ്പുഴ മണ്ഡലത്തില്‍ ആരീഫ് വിജയിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തുഷാര്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായാല്‍ തോല്‍ക്കുമെന്നും അന്ന് വെള്ളാപ്പള്ളി പറയുകയുണ്ടായി.
Read More: വെള്ളാപ്പള്ളി നടേശന് അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും!
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നാണ്. ഒറ്റഘട്ടമായി നടക്കുന്ന കേരളത്തിലെ വോട്ടെടുപ്പിൽ മികച്ച പോളിങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. മേയ് 23 നാണ് വോട്ടെണ്ണൽ.