കോഴിക്കോട്: പല മണ്ഡലങ്ങളിലും ബിജെപിക്ക് ഗണ്യമായി വോട്ട് വര്‍ധിച്ചപ്പോള്‍ വടകരയിലാണ് വോട്ട് ഉയര്‍ത്താന്‍ കാര്യമായി സാധിക്കാതിരുന്നത്. വടകരയിലെ ഇടത് സ്ഥാനാര്‍ഥിയായ പി.ജയരാജനെ തോല്‍പ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസിനായി വോട്ട് മറിച്ചിട്ടുണ്ട് എന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വടകരയില്‍ ബിജെപിക്ക് ഗണ്യമായി വോട്ട് വര്‍ധിപ്പിക്കാന്‍ സാധിക്കാതിരുന്നത്.
Read More: ‘ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസിലെ പ്രതിയെ ലോക്‌സഭയിലേക്ക് അയക്കുന്നു’
2014 ലെ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആകെ പോള്‍ ചെയ്ത വോട്ട് 9,60,264 ആണ്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.കെ.സജീവന് 2014 ല്‍ ലഭിച്ചത് 76,313 വോട്ടാണ്. ആകെ പോൾ ചെയ്ത വോട്ടിന്റെ എട്ട് ശതമാനം വോട്ടായിരുന്നു ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എന്നാല്‍, ഇത്തവണ അതില്‍ നിന്ന് വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
വി.കെ.സജീവന്‍ തന്നെയായിരുന്നു ഇത്തവണയും ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ സജീവന് ലഭിച്ചത് 80,128 വോട്ടുകളാണ്. കഴിഞ്ഞ തവണ നേടിയ വോട്ടുകളേക്കാള്‍ 3,815 വോട്ടുകള്‍ മാത്രമാണ് അധികമായി ലഭിച്ചത്. 2014 ല്‍ നിന്ന് വ്യത്യസ്തമായി പോളിങ് ശതമാനം വടകരയില്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഒരു ലക്ഷത്തോളം വോട്ടാണ് ഇത്തവണ വടകരയില്‍ 2014 ല്‍ നിന്ന് അധികമായി പോള്‍ ചെയ്തത്. കണക്കുകൾ പരിശോധിക്കുമ്പോൾ 1,00,659 വോട്ടുകള്‍ വടകരയില്‍ അധികമായി പോള്‍ ചെയ്തിരുന്നു. എന്നിട്ടും ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മൂവായിരത്തിലേറെ വോട്ടുകളെ അധികമായി ലഭിച്ചൊള്ളൂ. കഴിഞ്ഞ തവണ എട്ട് ശതമാനം വോട്ട് വടകരയില്‍ സ്വന്തമാക്കിയ ബിജെപി സ്ഥാനാര്‍ഥി ഇത്തവണ 7.5 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
Read More: ചരിത്രം കുറിച്ച് നരേന്ദ്രമോദി; വോട്ട് 17 കോടിയിൽ നിന്നും 22 കോടിയായി ഉയർന്നു
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ 5,26,755 വോട്ടുകള്‍ നേടി മികച്ച വിജയം നേടിയപ്പോള്‍ പി.ജയരാജന്‍ രണ്ടാം സ്ഥാനത്തായി. 4,42,092 വോട്ടുകളാണ് ജയരാജന് ലഭിച്ചത്. 84,663 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുരളീധരനുള്ളത്.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിലും യുഡിഎഫാണ് വിജയിച്ചത്. ഒരു മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത്. ആലപ്പുഴ സീറ്റാണ് എൽഡിഎഫിനെ തുണച്ചത്. പല സീറ്റുകളിലും ബിജെപിക്ക് ഗണ്യമായി വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയതാണ് എടുത്തുപറയാവുന്ന നേട്ടം. പത്തനംതിട്ടയിലും തൃശൂരിലും മികച്ച പോരാട്ടം നടത്താൻ ബിജെപിക്ക് സാധിച്ചു. എങ്കിലും ശബരിമല വിഷയം മുൻനിർത്തി ഒരു സീറ്റിലും വിജയം നേടാൻ സാധിച്ചില്ല.