തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് സി.ഒ.ടി നസീറിന് തന്നെയാണെന്ന് വി മുരളീധരന്. ബിജെപി ജില്ലാ നേതൃത്വം ആഹ്വാനം ചെയ്ത മനസാക്ഷി വോട്ട് പരാമര്‍ശത്തെ തള്ളിക്കൊണ്ടാണ് മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കമ്മിറ്റിയെക്കാൾ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം എന്നും വി മുരളീധരൻ പറഞ്ഞു.
തലശേരിയിലെ ബിജെപി വോട്ട് ആര്‍ക്കെന്നത് സംബന്ധിച്ച നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കമ്മറ്റിയെക്കാള്‍ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം. മണ്ഡലത്തിലെ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെയാണെന്നും മുരളീധരന് പറഞ്ഞു.
ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം ധാരണയുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ ഇതിന് തെളിവാണെന്നും വി മുരളീധരൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സര സാധ്യത തുറന്നിടാൻ കേരളത്തിൽ ബിജെപിക്ക് ആയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികൾക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം . ഇരു മുന്നണികളും ഒരു പോലെ ബിജെപിക്ക് എതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
ശബരിമലയിൽ ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം അടക്കം ഉള്ള കാര്യങ്ങളിൽ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എൽഡിഎഫും മാറി. സിപിഎമ്മിനകത്തും കോൺഗ്രസിനകത്തും നിലനിൽക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും വി മുരളീധരൻ പറഞ്ഞു.