കൊച്ചി: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. രാജ്യസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്ര നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആവില്ല. ഇടതുമുന്നണി ഇത് വിവാദമാക്കുന്നത് രണ്ട് വോട്ട് കിട്ടാൻ വേണ്ടി മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
Read More: രാജ്യസഭയിലേക്കുള്ള ഒഴിവുകൾ: കോടതിയിൽ നിലപാട് പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ഇടുക്കി മുൻ എംപി ജോയ്സ് ജോർജിന്റെ വിവാദപരാമർശത്തിനെതിരെയും മുരളീധരൻ പ്രതികരിച്ചു. “രാഷ്ട്രീയത്തിൽ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. എതിരാളിയെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവരുത്.രാഷ്ട്രീയത്തിൽ ശത്രുക്കളോടു പോലും ഇത്തരം പരാമർശങ്ങൾ നടത്തരുത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല”. മുരളീധരൻ പറഞ്ഞു.
പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുൻപ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ ഒഴിവുകൾ നികത്തുമെന്ന നിലപാട് ഹൈക്കോടതിയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ കോടതി നിർദേശ പ്രകാരം കമ്മിഷൻ നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. ഇതാണ് കമ്മിഷൻ പിൻവലിച്ചത്. വരുന്ന തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.
പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുൻപ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴിവുകൾ നികത്തുമെന്ന് കമ്മിഷൻ അറിയിച്ചത് കോടതി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷന്റെ അഭിഭാഷകൻ നിലപാട് മാറ്റിയത്. ആദ്യം അറിയിച്ചതല്ല നിലപാടെന്നാണ് കമ്മിഷന്റെ അഭിഭാഷകൻ വാക്കാൽ വ്യക്തമാക്കിയത്. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മുകളിൽ നിന്നുള്ള സമ്മർദമാണ് നിലപാട് മാറ്റത്തിന് കാരണമെന്നാണ് സൂചന.