ന്യൂഡല്‍ഹി: യു.പി.എ ചെയർപേഴ്സൺ സോണിയാ ഗാന്ധിയും ബിജെപി നേതാവ് സ്മൃതി ഇറാനിയും ഇന്ന് പത്രിക സമര്‍പിക്കും. സോണിയ ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നാമനിർദ്ദേശ പത്രിക നൽകും. കുടുംബാംഗങ്ങളും സോണിയയെ അനുഗമിക്കും. 700 മീറ്റർ ദൂരം റോഡ് ഷോ നടത്തിയ ശേഷമാകും സോണിയാ ഗാന്ധി പത്രിക സമർപ്പിക്കാൻ എത്തുക. ഇത് അഞ്ചാം തവണയാണ് സോണിയ റായ് ബറേലിയിൽ നിന്ന് മത്സരിക്കുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ദിനേഷ് പ്രതാപ് സിങ് ആണ് സോണിയയുടെ എതിരാളി. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 6ന് ആകും റായ് ബറേലി വിധി എഴുതുക.

രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നാമ നിർദ്ദേശപത്രിക സമർപ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അമേത്തിയിലും അഞ്ചാം ഘട്ടത്തിൽ മെയ് ആറിനാണ് വോട്ടെടുപ്പ്.

രണ്ടാം തവണയും രാഹുല്‍ ഗാന്ധിയോടാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാടാനിറങ്ങുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,07,923 വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയോട് അമേഠിയിൽ പരാജയപ്പെട്ടത്. ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മോദി മന്ത്രി സഭയിൽ മാനവവിഭവ ശേഷി മന്ത്രിയാക്കുകയും ചെയ്തു. പിന്നീട് വകുപ്പ് മാറ്റത്തിലൂടെ ടെക്സ്റ്റൈൽസ് വകുപ്പിലേക്ക് മാറ്റപ്പെട്ട ഇറാനി ഇടക്കാലത്ത് ഇൻഫ‌ർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.