/indian-express-malayalam/media/media_files/uploads/2019/03/PJ-Joseph-1.jpg)
തിരുവനന്തപുരം: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് ഇടുക്കിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം പരിഹരിക്കാനാണ് പിജെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കുന്നത്.
കേരള കോൺഗ്രസിലെ തർക്കം മധ്യകേരളത്തിൽ മൂന്ന് സീറ്റുകളിൽ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ജോസഫ് മത്സരിച്ചാലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ടില ചിഹ്നത്തിലാവില്ല മത്സരിക്കുക. യുഡിഎഫിന്റെ പൊതുസ്വതന്ത്രനായി മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം.
ഇക്കുറി രണ്ട് സീറ്റിൽ മത്സരിക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുന്നണിയിലെ സീറ്റ് വിഭജന ചർച്ച കഴിഞ്ഞപ്പോൾ കേരള കോൺഗ്രസിന് കിട്ടിയത് കോട്ടയം സീറ്റ് മാത്രമാണ്. ഇവിടെ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജോസഫ് പറഞ്ഞിരുന്നെങ്കിലും കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് പ്രവർത്തകർ തോമസ് ചാഴികാടന്റെ പേരാണ് നിർദ്ദേശിച്ചത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വൈക്കം ഒഴികെയുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും സംസ്ഥാന ജില്ലാ ഭാരവാഹികളും ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരായിരുന്നു.
ഇതേ തുടർന്നാണ് പാർട്ടിക്കകത്ത് തർക്കം പൊട്ടിപ്പുറപ്പെട്ടത്. യുഡിഎഫിൽ പൊതുസ്വതന്ത്രനായാണ് ജോസഫ് മത്സരിക്കുകയെങ്കിലും ഫലത്തിൽ കേരള കോൺഗ്രസിന്, തങ്ങൾ മുൻപ് കണക്കുകൂട്ടിയ പോലെ രണ്ട് സീറ്റ് ലഭിക്കും. കേരള കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിയും മുൻ ഏറ്റുമാനൂർ എംഎൽഎയുമാണ് കോട്ടയത്ത് മത്സരിക്കുന്ന തോമസ് ചാഴികാടൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.