ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷമായിരുന്നു ഉദ്ദവ് താക്കറെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പ്രതിപക്ഷ റാലികളില്‍ 56 നേതാക്കള്‍ ഒന്നിച്ച് കൈ കോര്‍ത്ത് നില്‍ക്കുന്നു. പരസ്പരം നല്ല ബന്ധത്തിലല്ലെങ്കിലും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്നത് അവര്‍ക്ക് നല്ലതാണ്. എന്നാല്‍, ബിജെപിയും ശിവസേനയും ഹൃദയങ്ങള്‍ കൊണ്ട് ഒന്നാക്കപ്പെട്ടവരാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു.
Read More: ‘ഒരു ചായക്കടക്കാരനെ മറ്റ് ചായക്കടക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കൂ’: നരേന്ദ്ര മോദി
മഹാരാഷ്ട്രയില്‍ ശിവസേന – ബിജെപി സഖ്യത്തില്‍ ഏറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരു പാര്‍ട്ടികളും തമ്മില്‍ ഒന്നിക്കുകയായിരുന്നു. മോദിക്കെതിരെ പോലും പലതവണ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നേതാവാണ് ഉദ്ദവ് താക്കറെ.
എല്‍.കെ. അധ്വാനിക്ക് ശേഷം ഗാന്ധിനഗറില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധിച്ചത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രതികരിച്ചു. നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം അഹമ്മദാബാദില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി അസാമില്‍ ഉയര്‍ത്തിയത്.ഇന്ത്യയുടെ വളര്‍ച്ചയില്‍ താല്‍പര്യമില്ലാത്തവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെ പര്യായമാണ്. രാജ്യം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ നമുക്ക് സന്തോഷവും അഭിമാനവും തോന്നും. എന്നാല്‍, പ്രതിപക്ഷം അങ്ങനെയല്ല. രാജ്യത്തിന്റെ വളര്‍ച്ചയിലും നേട്ടങ്ങളിലും അവര്‍ നിരുത്സാഹരാണ് മോദി പറഞ്ഞു.
ഭീകരവാദികളെ അവരുടെ സ്ഥലത്ത് ചെന്ന് ഇന്ത്യ നേരിട്ടപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് ജനങ്ങള്‍ കണ്ടതാണ്. ശാസ്ത്രജ്ഞന്‍മാര്‍ രാജ്യത്തിന് വേണ്ടി നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ പ്രതിപക്ഷം അവരെ പരിഹസിക്കുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.