കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനകീയ കൂട്ടായ്‌മയായ ട്വന്റി 20. നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വ്യക്തമായ സാന്നിധ്യം ചെലുത്താൻ സാധിക്കുമെന്ന് ട്വന്റി 20 പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എറണാകുളം ജില്ലയിൽ ഏറെ നിർണായകമാകുന്ന പ്രഖ്യാപനമാണ് ട്വന്റി 20 യുടേത്. ഇടത്, വലത് മുന്നണികൾക്ക് ട്വന്റി 20 യുടെ സാന്നിധ്യം തിരിച്ചടിയാകും.
തങ്ങൾ നേടിയ വിജയം ഐതിഹാസികമാണെന്ന് ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജോൺ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “കിഴക്കമ്പലത്ത് യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ് ട്വന്റി 20 ക്കെതിരെ രംഗത്തെത്തിയത്. സർക്കാർ മെഷിനറികളെ പോലും ഉപയോഗിച്ചു. ഞങ്ങളുടെ ആയിരത്തോളം പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. ആക്രമണത്തിൽ ട്വന്റി 20 യുടെ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. ഇതിനിടയിലും ജയിക്കാൻ സാധിച്ചു,” സാബു എം.ജോൺ പറഞ്ഞു.
“കേരളത്തിൽ ട്വന്റി 20 യെ അറിയാത്തവരായി ആരുമില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് അടക്കം വരുംദിവസങ്ങളിൽ തീരുമാനിക്കും. ഈ രാഷ്ട്രീയ സ്ഥിയിൽ നിന്ന് ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. സ്വാധീനമുള്ള മറ്റ് ജില്ലകളിലെ മണ്ഡലങ്ങളിലും മത്സരിക്കും,” സാബു എം.ജോൺ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് വ്യക്തമാക്കി.
Read Also: പ്രതീക്ഷിച്ച ജയമില്ല, എൽഡിഎഫും യുഡിഎഫും ഒന്നിച്ചു; തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാൻ ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ട്വന്റി 20 സ്വന്തമാക്കിയത്. ഈ ആത്മവിശ്വാസമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്വന്റി 20 കൂട്ടായ്‌മയെ പ്രേരിപ്പിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ 19 സീറ്റിൽ 18 ലും ട്വന്റി 20 ജയിച്ചു. കഴിഞ്ഞ തവണ 17 സീറ്റ് ലഭിച്ചിടത്താണ് ഇത്തവണ ഒരു സീറ്റ് കൂടി പിടിച്ചെടുത്തത്. ആദ്യമായി മത്സരിച്ച ഐക്കരനാട് പഞ്ചായത്തില്‍ പ്രതിപക്ഷം പോലുമില്ലാതെ ട്വന്റി 20 മുഴുവൻ സീറ്റുകളും സ്വന്തമാക്കി. മത്സരിച്ച 14 സീറ്റിലും ട്വന്റി 20 സ്ഥാനാർഥികൾക്ക് മിന്നുന്ന വിജയം.
മഴുവന്നൂരില്‍ 19ല്‍ 14ഉം കുന്നത്തുനാട് പഞ്ചായത്തില്‍ 19ല്‍ 11 വാര്‍ഡുകളും നേടിയാണ് ട്വന്റി 20 ഭരണം പിടിച്ചത്. ഇതിന് പുറമെ മല്‍സരിച്ച വെങ്ങോല പഞ്ചായത്തില്‍ ട്വന്റി 20 നിര്‍ണായക ശക്തിയായി. ആകെയുള്ള 23ല്‍ 11 സീറ്റില്‍ മത്സരിച്ച ജനകീയ കൂട്ടായ്‌മ ഏഴിടത്ത് ജയിച്ചു.
കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ട്വന്റി 20 ക്കാണ് ജയം. വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ഏഴിടത്ത് മത്സരിച്ച ട്വന്റി 20 ആറിടത്ത് വിജയിച്ചു. 13 ഡിവിഷനുകളുള്ള ബ്ലോക്കില്‍ ട്വന്റി 20യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. വാഴക്കുളം ബ്ലോക്കില്‍ നാലിടത്തും ജയിച്ചു.