തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ, സീ-വോട്ടർ പ്രീ പോൾ സർവെ ഫലം. ആകെയുള്ള 140 സീറ്റിൽ 82 സീറ്റുകൾ സ്വന്തമാക്കി എൽഡിഎഫ് ഭരണം തുടരുമെന്നാണ് സർവെയിൽ പറയുന്നത്.
യുഡിഎഫ് 56 സീറ്റിൽ ഒതുങ്ങും. ബിജെപിക്ക് കാര്യമായ വളർച്ചയുണ്ടാകില്ല. 2016 ലെ പോലെ ഒരു സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ എന്നും സർവെയിൽ പറയുന്നു.
എൽഡിഎഫ് 78 മുതൽ 86 സീറ്റുകൾ വരെ നേടാം. യുഡിഎഫിന് 52 മുതൽ 60 വരെ. ബിജെപി പൂജ്യം മുതൽ രണ്ട് വരെ സീറ്റുകളിൽ ഒതുങ്ങിയേക്കാമെന്നാണ് സർവെ ഫലം.
എൽഡിഎഫിന് 2016 നേക്കാൾ 0.6 ശതമാനം വോട്ട് ഷെയർ കുറഞ്ഞേക്കാം. 2016 ൽ എൽഡിഎഫിന് 43.5 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ അത് 42.9 ശതമാനമായി കുറഞ്ഞേക്കാം. 2016 ലെ 38.8 ശതമാനം വോട്ട് ഷെയറിൽ നിന്ന് യുഡിഎഫ് 37.6 ശതമാനമായി കുറഞ്ഞേക്കാനും സാധ്യതയെന്ന് പ്രവചനം.
പിണറായി വിജയൻ ജനപ്രിയ നേതാവെന്ന് സർവെയിൽ പങ്കെടുത്ത 42.34 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിയുടെ പ്രകടനം മികച്ചതെന്നാണ് ഇവരുടെ അഭിപ്രായം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ നേതാവ് പിണറായി വിജയനാണെന്നും സർവെ പ്രവചിക്കുന്നു. സർക്കാരിന്റെ പ്രകടനത്തിൽ പൂർണ സംതൃപ്തി പ്രകടിപ്പിച്ചത് 36.36 ശതമാനം പേർ, 39.66 ശതമാനം പേർ തങ്ങൾ തൃപ്തരാണെന്നും അഭിപ്രായപ്പെട്ടു.
Read Also: അമിത് ഷാ വർഗീയതയുടെ ആൾരൂപം, കേരളത്തെ അപമാനിച്ചു: പിണറായി വിജയൻ
അതേസമയം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ 55.84 ശതമാനം പേരാണ്. സർവെയിൽ പങ്കെടുത്ത 31.95 ശതമാനം പേർ മാത്രമാണ് പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയെ പിന്തുണച്ചത്.
നേരത്തെ, എബിപി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവെയും കേരളത്തിൽ തുടർഭരണം പ്രവചിച്ചിരുന്നു. ആകെയുള്ള 140 സീറ്റിൽ 83 മുതൽ 91 വരെ സീറ്റുകൾ എൽഡിഎഫ് നേടാൻ സാധ്യതയുണ്ടെന്നാണ് എബിപി ന്യൂസ് – സി വോട്ടർ സർവെ പ്രവചിക്കുന്നത്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടിയേക്കാം. 2016 നേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിലെത്താൻ യുഡിഎഫിന് സാധിക്കില്ലെന്ന് സർവെ പ്രവചിക്കുന്നു.
എബിപി ന്യൂസ്-സി വോട്ടർ സർവെയിൽ കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കും എന്ന ചോദ്യത്തിനു വോട്ടർമാർ പിണറായി വിജയനെ പിന്തുണച്ചു. സർവെയിൽ പങ്കെടുത്ത 38.5 ശതമാനം ആളുകളും പിണറായി വിജയൻ വീണ്ടും കേരള മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ 27 ശതമാനം ആളുകൾ പിന്തുണച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ യോഗ്യൻ ഉമ്മൻചാണ്ടിയാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. 6.9 ശതമാനം ആളുകളുടെ പിന്തുണ ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. അഞ്ച് ശതമാനം പേർ ശശി തരൂർ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു.