കൊച്ചി: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ അഞ്ച് കോടി രൂപ പിടിച്ചെടുത്തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. വരും ദിവസങ്ങളിലും കർശനമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ആദായ നികുതി വകുപ്പ്, വിൽപ്പന നികുതി വകുപ്പ്, പൊലീസ്, എക്സൈസ്, കസ്റ്റംസ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ കോളേജുകളിലെത്തുന്നതിൽ നിയമപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കോളേജുകൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികൾ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്നത് പതിവാണ്. എന്നാൽ തനിക്കിത് പുതിയ അറിവാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ഇതിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏതെങ്കിലും വിധത്തിൽ ലംഘിക്കപ്പെടുന്നുണ്ടോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ, താനെഴുതിയ വൈ ഐആം എ ഹിന്ദു എന്ന പുസ്തകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്, പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.